വോൾട്ടേജ് വ്യത്യാസം: 40വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കേടായി
text_fieldsപറവൂർ: വോൾട്ടേജ് വ്യത്യാസം മൂലം നാല്പതിൽപരം വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് നാശനഷ്ടം. വടക്കേക്കര ഇലക്ട്രിക് സെക്ഷനിലെ കുഞ്ഞിത്തൈ പടിഞ്ഞാറ് കൊത്തളം ഭാഗത്താണ് ചൊവ്വാഴ്ച്ച വൈകീട്ട് ആറോടെ വ്യാപക നാശനഷ്ടം സംഭവിച്ചത്.
ഒട്ടുമിക്ക വീടുകളിലും ടെലിവിഷനുകളും ഫ്രിഡ്ജും പ്രവർത്തനരഹിതമായി. ട്യൂബുകളും ബൾബുകളും ഫ്യൂസായി. വേട്ടുവന്തറ രാജന്റെ വീട്ടിലെ സി.സി ടി.വി, ടി.വി, ഫ്രിഡ്ജ് എന്നിവക്ക് കേടുപാട് സംഭവിച്ചു. ഒരാഴ്ച മുമ്പ് വാങ്ങിയതായിരുന്നു ഫ്രിഡ്ജ്.
വേട്ടുവന്തറ ബോസ്, മുരളി, ആലപ്പാട്ട് ജോസഫ്, മുല്ലശ്ശേരി പുഷ്പൻ, സാംസൺ, മഠത്തിൽ ജയ , ചെട്ടിവളപ്പിൽ മാർട്ടിൻ എന്നിവരുടെ വീടുകളിലെ ടി.വി കേടായി. ചാറക്കാട്ട് സത്യന്റെ ടി.വിയും ഫ്രിഡ്ജും പ്രവർത്തനരഹിതമായി. വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകിയില്ലെന്ന് പഞ്ചായത്ത് അംഗം അജിത ഷൺമുഖൻ പറഞ്ഞു.
തിങ്കളാഴ്ച ഈ ഭാഗത്ത് വൈദ്യുതി ലൈനിൽ കെ.എസ്.ഇ.ബി അറ്റകുറ്റപ്പണി നടത്തിയിരുന്നു. സമീപത്തെ ട്രാൻസ്ഫോർമറിലുണ്ടായ തകരാറാണ് വോൾട്ടേജ് വ്യതിയാനം ഉണ്ടാകാൻ കാരണമായതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.