ബജറ്റിനെതിരെ വ്യാപക പ്രതിഷേധം
text_fieldsപറവൂർ: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അന്യായമായ പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ബീന ശശിധരൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഡെന്നി തോമസ്, രവി ചെട്ടിയാർ, പൗലോസ് വടക്കുംചേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മനു പെരുവാരം, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് ജോസഫ്, പ്രവാസി കോൺഗ്രസ് പ്രസിഡന്‍റ് ലിൻസ് ആന്‍റണി, ജോയ്, പി.വി. ഏലിയാസ്, ഗോപാലകൃഷ്ണൻ, തോമസ്, അനിൽകുമാർ, കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.
കടുങ്ങല്ലൂർ: ബജറ്റിലെ നികുതി വർധനക്കും ഇന്ധനവില സെസിനുമെതിരെ കടുങ്ങല്ലൂരിൽ കോൺഗ്രസ് പ്രവർത്തകർ കൈവണ്ടി തള്ളി പ്രതിഷേധിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽനിന്ന് ആരംഭിച്ച പ്രകടനം മുപ്പത്തടം കവലയിൽ സമാപിച്ചു. പ്രതിഷേധം കളമശ്ശേരി ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു.വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് നാസർ എടയാർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ബജറ്റിനെതിരെ പ്രകടനം
പറവൂർ: കേന്ദ്ര ബജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ ചിറ്റാറ്റുകരയിൽ പ്രകടനവും സമ്മേളനവും നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. വി.എ. ഹബീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്‍റ് പി.പി. അരൂഷ്, ഗിരിജ അജിത് എന്നിവർ സംസാരിച്ചു.
അങ്കമാലിയെ അവഗണിച്ചു -റോജി എം. ജോൺ
അങ്കമാലി: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ഫണ്ട് വകയിരുത്തിയതിൽ സർക്കാർ വിവേചനം കാട്ടിയതായി റോജി എം. ജോൺ എം.എൽ.എ. ഇടമലയാർ ജലസേചന പദ്ധതിക്ക് 10 കോടിയും നഗരസഭയിലെ വിവിധ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.
വിവിധ റോഡുകളുടെ നവീകരണം, ജലസേചന പദ്ധതികൾ, ജലാശയങ്ങളുടെ നവീകരണം, തുറവൂർ ഗവ. ഐ.ടി.ഐ, സ്കൂളുകൾ, കളിസ്ഥലങ്ങൾ, മിനി സിവിൽ സ്റ്റേഷനുകൾ, വന്യമൃഗ ശല്യം തടയാൻ ട്രഞ്ചും ഫെൻസിങ്ങും നിർമിക്കൽ, ചമ്പന്നൂർ റെയിൽവേ മേൽപാലം ഉൾപ്പെടെ 175.50 കോടിയുടെ 20 പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്താൻ നൽകിയതെങ്കിലും എല്ലാം അവഗണിക്കപ്പെടുകയായിരുന്നുവെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
ആലുവക്ക് നിരാശ
ആലുവ: നിയോജക മണ്ഡലത്തിന് നിരാശ നൽകി ബജറ്റ്. പ്രത്യാശയോടെ കാത്തിരുന്ന പ്രധാന വികസന പദ്ധതികൾക്കൊന്നും പരിഗണന ലഭിച്ചില്ല. ബജറ്റിൽ ഉൾപ്പെടുത്താൻ 390 കോടിയുടെ 20 പദ്ധതികളാണ് പ്രപ്പോസലായി എം.എൽ.എ കൊടുത്തത്. എന്നാൽ, അഞ്ചുകോടിയുടെ ഒരു പദ്ധതി മാത്രമാണ് ബജറ്റിൽ അനുവദിച്ചത്.
കാരോത്തുകുഴി ആശുപത്രി കവല മുതൽ മാർക്കറ്റ് വരെയുള്ള റോഡിൽ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടൽ, ആലുവ ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം, ആലുവ നഗരസഭ മാർക്കറ്റിന് പുതിയ കെട്ടിടം, ചെങ്ങമനാട് കവലയുടെ വികസന പ്രവൃത്തികൾ, ആലുങ്കൽ കടവ് പാലം സ്ഥലം ഏറ്റെടുത്ത് അപ്രോച് റോഡ് പൂർത്തിയാക്കൽ, കരിയാട് മറ്റൂർ റോഡിൽ അകപ്പറമ്പിൽ റെയിൽ ഓവർ ബ്രിഡ്ജ്, നസ്രത്ത് - കാർമൽ റോഡ് പുനരുദ്ധാരണം, തുരുത്ത് റോഡിന്റെ പുനരുദ്ധാരണം, തൃക്കാക്കര, തേവയ്ക്കൽ ഗവ. വി.എച്ച്. എസ്.എസിന് പുതിയ കെട്ടിടം തുടങ്ങിയവയാണ് എം.എൽ.എ നൽകിയ പ്രധാന പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.