ലഭിക്കുമോ മൂത്തകുന്നം സ്കൂളിന് സ്ഥലവും കെട്ടിടവും അടുത്ത അധ്യയന വർഷമെങ്കിലും?
text_fieldsപറവൂർ: ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലവും കെട്ടിടവും നഷ്ടപ്പെട്ട മൂത്തകുന്നം ഗവ. എൽ.പി സ്കൂളിന് പുതിയ സ്ഥലം വാങ്ങി കെട്ടിടം പണിയാനുള്ള നടപടികൾ ഇഴയുന്നു. ഇതോടെ അടുത്ത അധ്യായന വർഷം പുതിയ സ്ഥലത്ത് സ്കൂൾ പ്രവർത്തനക്ഷമമാക്കുവാനുള്ള സാധ്യതക്ക് മങ്ങലേറ്റു. മാസങ്ങളായി അഞ്ച് മുറികളുള്ള വാടക വീട്ടിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭ്യർഥന പ്രകാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം 13ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ടവർ യോഗം ചേർന്ന് സ്കൂളിന് പുതിയ സ്ഥലം വാങ്ങാൻ തീരുമാനിച്ചിരുന്നു.
യോഗത്തിൽ 34 സെൻറ് സ്ഥലം വാങ്ങാൻ ധാരണയായി. കെ. ഇ.ആർ പ്രകാരം സ്കൂൾ പ്രവർത്തിക്കാൻ 98 സെൻറ് സ്ഥലം ആവശ്യമാണ്. ഇക്കാര്യത്തിൽ കെ.ഇ.ആറിൽ ഇളവ് നൽകി പ്രത്യേക സർക്കാർ ഉത്തരവ് ഇറക്കാമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി.
ദേശീയപാത അതോറിറ്റി നൽകിയ കോമ്പൻസേഷൻ തുക കഴിച്ച് സ്ഥലം വാങ്ങാൻ ആവശ്യമായ 18 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
സ്ഥലം ഏറ്റെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയായാൽ സ്കൂൾ കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽനിന്ന് അനുവദിക്കാമെന്ന് പ്രതിപക്ഷ നേതാവും യോഗത്തെ അറിയിച്ചു. എന്നാൽ, ഒരു മാസമായിട്ടും കെ.ഇ.ആറിൽ ഇളവ് പ്രഖ്യാപിക്കുകയോ സ്ഥലം വാങ്ങാൻ പ്രത്യേക സർക്കാർ ഉത്തരവ് ഇറക്കുകയോ ഉണ്ടായില്ല. ഇതാണ് രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കയിലാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ സ്ഥലം വാങ്ങാൻ ഇനിയും കാലതാമസമുണ്ടാകും. ഇത് രക്ഷിതാക്കളെയും അധ്യാപകരെയും ഏറെ വിഷമത്തിലാക്കുന്നതാണ്. മടപ്ലാത്തുരുത്തിലെ അഞ്ച് മുറികളുള്ള വീട്ടിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെയുള്ള 110 ഓളം കുട്ടികളാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ പഠിക്കുന്നത്. പരിമിതമായ ഇടത്ത് വിദ്യാഭ്യാസ അന്തരീക്ഷം തീരെയില്ലാത്ത അന്തരീക്ഷത്തിലുള്ള കുട്ടികളുടെ പഠനത്തിൽ ഇപ്പോൾ തന്നെ രക്ഷിതാക്കൾ സംതൃപ്തരല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.