പഞ്ചായത്ത് കനിയുമോ? വയോ ദമ്പതികൾ വീടിനായി കാത്തിരിക്കുന്നു
text_fieldsപറവൂർ: കാഴ്ച പരിമിതിയുള്ള വയോധികനും ഭാര്യയും ചോർന്നൊലിക്കുന്ന വീട്ടിൽ ജീവിതം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും. വടക്കേക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഞാലിയത്ത് വീട്ടിൽ ശശിയും ഭാര്യ മാലതിയുമായി 39 വർഷമായി ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്നത്.
പ്ലാസ്റ്റിക് ഷീറ്റും മറു ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ അലുമിനിയം ഷീറ്റും വിരിച്ച മേൽക്കൂരക്ക് താഴെയാണ് ഇവരുടെ താമസം. ചെറിയൊരു മഴ പെയ്താൽ വീടിനകത്ത് വെള്ളം കയറും. തോടിന്റെ മുകളിൽ മൂന്ന് ചെറിയ കോൺക്രീറ്റ് സ്ലാബിലൂടെയാണ് വീട്ടിലേക്കുള്ള വഴി.
അയൽവാസികൾ തങ്ങളുടെ സ്ഥലം കൈയേറിയതായും മരങ്ങൾ വെട്ടി നശിപ്പിച്ചതായും ഇവർ പരാതിപ്പെടുന്നു. കയർ പിരിയും വീട്ടുജോലിയുമായിരുന്നു വരുമാനമാർഗം. രോഗികളായ ഇരുവർക്കും ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. നാട്ടുകാരുടെ സഹായത്തിലാണ് ജീവിക്കുന്നത്.
വീടിനായി വടക്കേക്കര പഞ്ചായത്തിൽ അപേക്ഷ കൊടുത്തെങ്കിലും നടപടിയുണ്ടായില്ല. മക്കളില്ലാത്ത രോഗികളായ വയോ ദമ്പതികൾ പഞ്ചായത്ത് തങ്ങളുടെ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.