കൊട്ടവഞ്ചി ഉപയോഗിച്ച്; മീൻ പിടിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ
text_fieldsപറവൂർ: പുത്തൻവേലിക്കരയിലെ കായലുകളും പുഴകളും കേന്ദ്രീകരിച്ച് അന്തർസംസ്ഥാന തൊഴിലാളികൾ കൊട്ടവഞ്ചി ഉപയോഗിച്ച് മീൻപിടിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്ത്.
ഇത്തരത്തിലുള്ള മത്സ്യബന്ധനം അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. പുത്തൻവേലിക്കര പഞ്ചായത്തിലെ പുഴകളിൽ ആന്ധ്ര സ്വദേശികളായവർ വൻതോതിൽ കൊട്ടവഞ്ചി മത്സ്യബന്ധനം നടത്തുന്നത്. കണ്ണിവലുപ്പം കുറഞ്ഞ വലകളാണ് ഇവർ ഉപയോഗിക്കുന്നത്.
ചെറിയ കണ്ണികൾ ഉള്ള വലകളായതിനാൽ ചെറുമീനുകൾ വരെ ഇതിൽ കുടുങ്ങും. ഇത് മത്സ്യസമ്പത്ത് വൻതോതിൽ കുറയാൻ ഇടയാക്കും. പുഴകളിലും കായലുകളിലും മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ലക്ഷങ്ങൾ ചെലവിട്ടാണ് മീൻകുഞ്ഞുങ്ങളെ പുഴകളിലും കായലുകളിലും നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്നവ വളരാനുള്ള സമയമെടുക്കുന്നതിന് മുമ്പേ കൊട്ടവഞ്ചിക്കാർ പിടിച്ചെടുക്കുന്നത് പരമ്പരാഗത മത്സ്യബന്ധനത്തിനും തൊഴിലിനും ഭീഷണിയാവുകയാണ്.
ചൗക്കക്കടവിലുള്ള പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്താണ് ആന്ധ്രയിൽനിന്ന് എത്തിയ എട്ടോളം കുടുംബങ്ങൾ താമസിക്കുന്നത്. പകലും രാത്രിയും മത്സ്യബന്ധനം നടത്തുന്നതാണ് ഇവരുടെ രീതി. ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ജില്ല മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പുത്തൻവേലിക്കര വില്ലേജ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ബൈജു, സെക്രട്ടറി ടി.എൻ. രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.