ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് ഇത്ര പൊല്ലാപ്പോ...!
text_fieldsപറവൂർ: പറവൂർ പാലത്തിൽനിന്നും പുഴയിൽ ചാടി മരിക്കാൻ ശ്രമിച്ച വീട്ടമ്മയെ രക്ഷിച്ച യുവാവിനെതിരെ ട്രോൾ മഴ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ചെറായി ബീച്ചിൽ മിയാമി റിസോർട്ട് നടത്തുന്ന മാല്യങ്കര സ്വദേശി റെജിൻ (24) പട്ടണത്തേക്ക് കാറിൽ വരുമ്പോൾ മുന്നിലുള്ള മൂന്ന് കാറുകൾ പെട്ടെന്ന് ബ്രേക്കിട്ട് നിന്ന് പുറത്തേക്ക് നോക്കുമ്പോൾ ഒരു യുവതി പാലത്തിെൻറ കൈവരിയിൽനിന്ന് പുഴയിലേക്ക് ചാടുന്നതാണ് കണ്ടത്. വാഹനങ്ങളിലുള്ളവരെല്ലാം പുറത്തിറങ്ങി പുഴയിലേക്ക് നോക്കി രക്ഷിക്ക് എന്ന് പറയുന്നതല്ലാതെ ആരും ഒന്നും ചെയ്യുന്നില്ല. റെജിൻ തെൻറ സ്വർണ മാലയും മോതിരവും മൊബൈലും പേഴ്സും അടുത്തു കണ്ട അപരിചിതയായ ഒരു സ്ത്രീയെ ഏൽപിച്ച് പുഴയിലേക്ക് ചാടി.
നല്ല മഴയും ഒഴുക്കും. മുങ്ങി പൊങ്ങുന്ന യുവതിയുടെ അടുത്തെത്തിയപ്പോൾ എന്നെ രക്ഷിക്ക് എന്ന് പറഞ്ഞ് യുവതി റെജിനെ കൈ ഉൾപ്പെടെ വട്ടംചുറ്റി പിടിച്ചു. ഇതോടെ രണ്ടു പേരും മുങ്ങിപ്പോയി. ഒരു വിധത്തിൽ യുവതിയുടെ കൈവിടുവിച്ച് മുടിയിൽ പിടിച്ച് വലിച്ചു. നല്ല ഭാരമുള്ള യുവതിയെ പ്രയാസപ്പെട്ട് പാലത്തിെൻറ ഒരു തൂണിനരികിലെത്തിച്ചു. ഇതിനിടെ കുറെ വെള്ളം കുടിക്കേണ്ടി വന്നു.
അപ്പോഴേക്കും പാലത്തിൽ തടിച്ചുകൂടിയവർ മുണ്ടുൾപ്പെടെ പലതും പുഴയിലേക്ക് ഇട്ടു കൊടുത്തു. ഒടുവിൽ ഏതോ ബസ് ജീവനക്കാർ ഇട്ട് കൊടുത്ത കയർ ദേഹത്തുവന്ന് വീണപ്പോൾ അതുപയോഗിച്ച് യുവതിയെ തൂണിൽ കെട്ടി നിർത്തി. പിന്നീട് കയർ കടിച്ചു പിടിച്ച് യുവതിയെ വലിച്ച് കരയിലടുപ്പിച്ചു.
ഈ സമയത്താണ് പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തുന്നത്. യുവതിയെ ഫയർഫോഴ്സിെൻറ റബർ ബോട്ടിൽ കയറ്റി കടവിലെത്തിച്ച് ആംബുലൻസിൽ പറവൂർ ഗവ.ആശുപത്രിയിലാക്കി.
ഈ സമയത്ത് റെജിൻ നടന്ന് റോഡിലെത്തിയപ്പോഴേക്കും ഛർദിച്ച് തളർന്നു. ഏൽപിച്ച സ്വർണാഭരണങ്ങളും മറ്റുമായി ആൾക്കൂട്ടത്തിൽ അപരിചിത അവിടെ കാത്ത് നിന്നിരുന്നു. പൊലീസും നാട്ടുകാരും റെജിനെ അഭിനന്ദിച്ചാണ് വിട്ടത്.
സംഭവമറിഞ്ഞ റെജിെൻറ സുഹൃത്തുക്കൾ സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. എന്നാൽ, പുഴയിൽ ചാടിയ യുവതിയെ രക്ഷിക്കാൻ യുവാവ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും രണ്ട് പേരെയും പറവൂരിലെ ഫയർഫോഴ്സുകാരാണ് രക്ഷിച്ചതെന്നുമുള്ള ഫയർഫോഴ്സിെൻറ വാർത്താക്കുറിപ്പ് ഒരു പത്രത്തിൽ വന്നതോടെ റെജിനെ അഭിനന്ദിച്ചവരെല്ലാം പരിഹാസ ശരങ്ങളെയ്യുകയായിരുന്നു .
സ്വജീവൻ പണയപ്പെടുത്തി ഒരു ജീവൻ രക്ഷിക്കാൻ പോയത് അബദ്ധമായോ എന്ന ചിന്തയിലാണ് റെജിനും കുടുംബവും. റെജിനാണ് യുവതിയെ രക്ഷിച്ചതെന്നും ഫയർഫോഴ്സ് വൈകിയാണെത്തിയതെന്നും വടക്കേക്കര പൊലീസ് പറഞ്ഞു.
ചെന്നൈ സ്വദേശിയായ യുവതി ചെറിയ പല്ലംതുരുത്തിലാണ് താമസം. രണ്ട് മാസം മുമ്പ് ഇവരുടെ ഭർത്താവ് തൂങ്ങി മരിച്ചിരുന്നു. ഇതിന് കാരണക്കാരി താനാണെന്ന് പറഞ്ഞ് ഭർത്താവിെൻറ അമ്മ നിരന്തരം വഴക്കു പറയുന്നതിൽ മനംനൊന്താണ് മരിക്കാൻ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.