പണയംവെച്ച ഉരുപ്പടി സ്ഥാപന ഉടമ വിറ്റതായി പരാതി
text_fieldsപെരുമ്പാവൂര്‍: പണയംെവച്ച സ്വര്‍ണാഭരണങ്ങള്‍ അനുമതിയില്ലാതെ പണമിടപാട് സ്ഥാപന ഉടമ വിറ്റതായി പരാതി. വെങ്ങോല പുത്തന്‍വീട് ജമാല്‍ മേത്തരാണ് നഗരത്തിലെ കോമേഴ്സ്യല്‍ ക്രഡിറ്റ് കോർപറേഷന് ബാങ്ക് ഉടമക്കെതിരെ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തു.
മകള്‍ ലോക്കറില്‍ െവക്കാന്‍ ഏൽപ്പിച്ച 42 പവന് ആഭരണങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ കരാറുകാരനായ താന്‍ പണയം െവക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 2015 നവംബറിലാണ് 42 പവന് പണയപ്പെടുത്തി 6,65,000 രൂപയെടുത്തത്. രണ്ടുവര്‍ഷം കഴിയുമ്പോള്‍ പണയം എടുക്കാമെന്ന് ഉടമയെ അറിയിച്ചെങ്കിലും ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതിനാല്‍ എടുക്കാനായില്ല. അടുത്തിടെ വീട് പണയപ്പെടുത്തി സഹകരണ ബാങ്കില്‍നിന്ന് 25 ലക്ഷമെടുത്ത് പണയ ഉരുപ്പടി തിരിച്ചെടുക്കാന്‍ സ്ഥാപന ഉടമയെ സമീപിച്ചപ്പോള്‍ വിറ്റതായി അറിയിക്കുകയായിരുന്നു.
അബദ്ധം പറ്റിയതാണെന്നും ആഭരണങ്ങളുടെ ഫോേട്ടാ കൈവശമുള്ളതിനാല്‍ സ്വര്‍ണം വാങ്ങാന്‍ സഹായിക്കാമെന്നും ഉടമ പറഞ്ഞതായി ജമാല്‍ മേത്തര്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഉരുപ്പടികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് നോട്ടീസ് നല്‍കുകയോ സമ്മതം വാങ്ങുകയോ ചെയ്തില്ല. എതിര്‍കക്ഷി പ്രമുഖ ബാങ്കില്‍ കാർഷികാവശ്യങ്ങള്ക്കെന്ന പേരില്‍ ആഭരണങ്ങള്‍ നാല് ശതമാനം പലിശക്ക് മറിച്ചുെവച്ച് തിരിമറി നടത്തിയെന്നാണ് പരാതിക്കാരെൻറ ആരോപണം. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിജിലന്‍സ് ഓഫിസര്‍, മനുഷ്യാവകാശ കമീഷന് എന്നിവര്‍ക്കും ജമാല്‍ മേത്തര്‍ പരാതി അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.