സ്റ്റേജ് പരിപാടികൾക്ക് കർട്ടൻ വീണിട്ട് ഒരുവർഷം; തൊഴില്‍ നഷ്ടപ്പെട്ട് ആയിരക്കണക്കിന് കലാകാരന്മാർ
text_fieldsപെരുമ്പാവൂര്‍ (എറണാകുളം): സ്റ്റേജ് പരിപാടികള്‍ക്ക് കര്ട്ടന് വീണിട്ട് ഒരുവര്‍ഷം. കോവിഡ് മഹാമാരിമൂലം ആയിരക്കണക്കിന് കലാകാരന്മാര്ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കലയെ വരുമാനമാര്ഗമാക്കിയവരെല്ലാം കടബാധ്യതയിലാണ്. മറ്റു തൊഴിലുകളില്‍ പ്രാവീണ്യമില്ലാത്ത നൂറുകണക്കിന് ആളുകളാണ് ഈ രംഗത്തുള്ളത്. രണ്ട് പ്രളയത്തില്‍നിന്നും ചെറിയ രീതിയില്‍ മുക്തിനേടി വീണ്ടും സജീവമായ ഘട്ടത്തിലാണ് കോവിഡ് എത്തിയത്. ലക്ഷങ്ങള്‍ കടംവാങ്ങി രംഗത്തിറക്കിയ ട്രൂപ്പുകള്‍ ദുരിതത്തിലാണ്.
നാടക സമിതികളും മറ്റും വാടകക്കെടുത്ത ഓഫിസുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ പ്രയാസമാണെന്ന് കൊച്ചിന് സംഘവേദി സെക്രട്ടറിയും കല സംഘാടകനുമായ ഷാജി സരിഗ പറഞ്ഞു. പ്രോഗ്രാം അവതരിപ്പിക്കുന്നതിനുള്ള ചില ഇളവുകള്‍ സര്‍ക്കാര്‍തലത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘാടകര്‍ തയാറാകാത്ത സ്ഥിതിയാണ്.
ആളുകള്‍ കൂടുമ്പോള്‍ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്കയാണ് സംഘാടകര്‍ക്കുള്ളത്. കല-സാംസ്കാരിക സംഘടനകളും വായനശാലകളും പ്രാദേശികമായി നാടകങ്ങളും മറ്റു പരിപാടികളും അവതരിപ്പിക്കുന്നതിന് വേദിയൊരുക്കിയാല്‍ ഏറെ ആശ്വാസമാകുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കേരള സംഗീതനാടക അക്കാദമി പോലുള്ള കല-സാംസ്കാരിക പ്രസ്ഥാനങ്ങള്‍ ശ്രമിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയും കലാരംഗത്തുള്ളവര്ക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.