അനാഥരാകില്ല പാത്തുവും ജമീലയും; കൈപിടിച്ച് വെല്‍ഫെയര്‍ ട്രസ്റ്റ്
text_fieldsപെരുമ്പാവൂര്‍: പാത്തുവിെൻറയും ജമീലയുടെയും സംരക്ഷണം വെളിയത്തുനാട് വെല്‍ഫെയര്‍ അസോസിയേഷന് ട്രസ്റ്റ് ഏറ്റെടുത്തു. അറക്കപ്പടി പെരുമാനി എടത്താക്കര മസ്ജിദിന് സമീപം കരേപ്പറമ്പില്‍ വീട്ടില്‍ പരേതരായ മുഹമ്മദ്-ആമിന ദമ്പതികളുടെ മക്കളായ ഇവരുടെ ജീവിതകഥ 'മാധ്യമം' ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാനസിക വിഭ്രാന്തിയുള്ള ഇവരെ ഭര്ത്താക്കന്മാര് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നാല് സെൻറ് കോളനിയിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്. നാട്ടുകാര്‍ നല്കുന്ന ഭക്ഷണവും നാട്ടില്‍നിന്ന് അകന്ന് താമസിക്കുന്ന ബന്ധുക്കളുടെ അന്വേഷണവും മാത്രമായിരുന്നു ആശ്രയം. ബി.എസ്സി കമ്പ്യൂട്ടര്‍ ബിരുദധാരിയായിരുന്ന പാത്തുവിന് മൂന്ന് മക്കളുണ്ട്. വിവാഹത്തിന് മുമ്പും ശേഷവും അധ്യാപനം ഉൾപ്പെടെയുള്ള ജോലികള്‍ക്ക് പോയിരുന്നു.
ജമീലക്ക് രണ്ട് മക്കളാണുള്ളത്. വില്ലേജില്‍ ശിപായിയായിരുന്ന മുഹമ്മദ്, ഇരുവര്‍ക്കും വിദ്യാഭ്യാസം നല്‍കിയശേഷം വിവാഹം കഴിപ്പിച്ചെങ്കിലും രോഗബാധിതരായതോടെ ഭര്ത്താക്കന്മാര് കൈയൊഴിയുകയായിരുന്നു. വ്യാഴാഴ്ച നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ട്രസ്റ്റ് ഭാരവാഹികള്‍ ഇവരെ കൂട്ടിക്കൊണ്ടുപോയി.
ആവശ്യമായ ചികിത്സയും പരിചരണവും നല്കി ഇവരുടെ ജീവിതം സുരക്ഷിതമാക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് ഡോ. പി.എം. മന്‍സൂര്‍ ഹസന്, പ്രസിഡൻറ് സി.പി. സലീം, സെക്രട്ടറി കെ.ഇ. അലിയാര്, വി.എ. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.