നാടിെൻറ അഭിമാനക്കണ്ണായി റിയാസും ഫാത്തിമ നസ്‌റിനും
text_fieldsപെരുമ്പാവൂര്‍: കാഴ്ച പരിമിതിയുള്ള റിയാസും ജ്യേഷ്ഠെൻറ മകള്‍ ഫാത്തിമ നസ്‌റിനും നാടിന് അഭിമാനമായി മാറുന്നു. പൂര്‍ണമായും കാഴ്ചയില്ലാത്ത റിയാസ് ഹരിയാന സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എ ഹിസ്റ്ററി ആൻഡ് ആര്‍ക്കിയോളജിയില്‍ രണ്ടാം റാങ്ക് നേടിയപ്പോള്‍ സഹോദരന്‍ അന്സാറിെൻറ മകള്‍ ആറ് വയസ്സുകാരി ഫാത്തിമ നസ്‌റിന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി നടത്തിയ കോവിഡ് ബോധവത്കരണ വിഡിയോ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഫാത്തിമ നസ്‌റിന് കഴിഞ്ഞ ദിവസം കലക്ടര്‍ക്കുവേണ്ടി കുന്നത്തുനാട് തഹസില്‍ദാര്‍ ജി. വിനോദ് ഉപഹാരം നല്‍കി. തണ്ടേക്കാട് ഹയര്‍ സെക്കൻഡറി സ്‌കൂളിനുവേണ്ടി മാനേജര്‍ പി.എ. മുക്താറും ഹെഡ്മാസ്റ്റര് വി.പി. അബൂബക്കറും വീട്ടിലെത്തി റിയാസിനെയും ഫാത്തിമ നസ്‌റിനെയും ആദരിച്ചു.
റിയാസ് തണ്ടേക്കാട് ഹയര്‍ സെക്കൻഡറിയിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ഫാത്തിമ നസ്‌റിന്‍ നിലവില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ജന്മനാ കാഴ്ചയില്ലാത്ത റിയാസ് സഹപാഠികള്‍ വായിച്ച് കേള്‍പ്പിക്കുന്നതും മൊബൈല്‍ ഫോണിൽ റെക്കോഡ് ചെയ്തുകൊടുക്കുന്നതുമായ പാഠഭാഗങ്ങള്‍ കാണാപ്പാഠമാക്കിയാണ് നേട്ടം കൈവരിച്ചത്. ഹിസ്റ്ററിയില്‍ പിഎച്ച്.ഡി ചെയ്യാന്‍ തയാറെടുക്കുകയാണിപ്പോള്‍. വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടം ചെര്‍ണായി വീട്ടില്‍ അലിയാര്‍-റാഫിയ ദമ്പതികളുടെ മകനാണ്.
ലോട്ടറി വില്‍പനക്കാരനായിരുന്ന അലിയാരിനും കാഴ്ചയില്ല.
പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അന്‍സാറിനും കാഴ്ചക്കുറവുണ്ട്. അധ്യാപകരുടെയും മാതാവ് റസലയുടെയും പിന്തുണയില്‍ പഠനത്തിലും അഭിനയത്തിലും മികവുപുലര്‍ത്തുകയാണ് നസ്റിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.