വിജയന്‍ വധം: കൃത്രിമ മൊഴിയും റിപ്പോർട്ടും ഹാജരാക്കിയതായി പരാതി
text_fieldsപെരുമ്പാവൂര്‍: വളയന്‍ചിറങ്ങര വാരിക്കാട് ഭാഗത്ത് നടന്ന വിജയന്‍ വധത്തിലെ സാക്ഷിമൊഴി കൃത്രിമമാണെന്ന് കാണിച്ച് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വളയന്‍ചിറങ്ങര മണേലില്‍വീട്ടില്‍ എം.എസ്. അനൂപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം നടത്തിയ കേസില്‍ കോടതിയില്‍ ഹാജരാക്കിയ തെൻറ മൊഴിയും റിപ്പോര്‍ട്ടും കൃത്രിമമാണെന്ന് അനൂപ് പറയുന്നു. ഈ കേസില്‍ പൊലീസ് ഒന്നും ചോദിക്കുകയോ താന്‍ പറയുകയോ ചെയ്തിട്ടില്ല. പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ മത്തായിക്കുഞ്ഞിനെ സംഭവസ്ഥലമായ വാരിക്കാട് ഷാപ്പില്‍ കൊണ്ടുവന്ന് ഓരോ പ്രവൃത്തികള്‍ പൊലീസ് ചെയ്യിക്കുകയായിരുന്നു.
എന്നാല്‍, ഇവയെല്ലാം താന്‍ പറഞ്ഞതായി പൊലീസ് കൃത്രിമമൊഴി ഉണ്ടാക്കി. മഹസര്‍ തയാറാക്കിയതില്‍ ഒപ്പുെവച്ചിരുന്നു. സംഭവസ്ഥലത്ത് മത്തായിക്കുഞ്ഞിനെ എത്തിച്ചതും അയാള്‍ കൊലപാതകം ചെയ്ത രീതി വിശദീകരിക്കുന്നതും കണ്ടിട്ടില്ല. പൊലീസ് കണ്ടെത്തിയിരിക്കുന്ന പ്രതി നിരപരാധിയാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. 2020 ജനുവരി 19നാണ് പ്രദേശവാസിയായ ഇല്ലത്തുകുടി വീട്ടില്‍ വിജയനെ (55) ഷാപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടത്. അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടത്തുകയായിരുന്നു.
എന്നാല്‍, കേസ് സംബന്ധിച്ച് തുമ്പുണ്ടാകാത്തിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങി. 2020 മേയ് മാസത്തിലാണ് മത്തായിക്കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. മറ്റാരെയോ സംരക്ഷിക്കാന്‍ പൊലീസ് ക്രൂരമായി മര്‍ദിച്ച് തനിക്കുമേല്‍ കുറ്റം ചുമത്തുകയായിരുന്നുവെന്ന് മത്തായിക്കുഞ്ഞ് ആരോപിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് കൃത്രിമം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും ഡി.ജി.പി, റൂറല്‍ പൊലീസ് മേധാവി എന്നിവര്‍ക്കയച്ച പരാതിയില്‍ അനൂപ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.