മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായില്ല; പശ്ചിമ കൊച്ചിയിൽ കൊതുകുപട
text_fieldsമട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചിയിലെ വാർഡുതല മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്തത് കൊതുക് ശല്യം രൂക്ഷം. ഡെങ്കിപ്പനിക്കിടയാക്കുന്ന ഈഡിസ് കൊതുക് മുതൽ വലിയ കൊതുകുവരെ കൊച്ചിയിൽ മൂളിപ്പറക്കുകയാണ്. കോവിഡ് ഭീതിക്കിടെ മഴക്കാല രോഗങ്ങൾകൂടി പടരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
ഡിവിഷനുകളിലെ ഓടകൾ ശുചിയാക്കുന്നതിൽ കൗൺസിലർമാർ കാര്യമായി ഇടപെട്ടിെല്ലന്നും പരാതിയുണ്ട്. പേരിന് ചില ഓടകളിൽനിന്ന് കുറച്ച് ചളികോരി റോഡിലിട്ടതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. നഗരസഭ ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകളും നടത്തിയിട്ടില്ല. റോഡരികിൽ കോരിവെച്ച ചളിയാകട്ടേ മഴ പെയ്തതോടെ തിരികെ കാനയിലേക്ക് തന്നെ ഒഴുകിയെത്തി.
കൊതുക് ലാർവകളെ നശിപ്പിക്കുന്നതിെൻറ ഭാഗമായി മരുന്നടി പതിവുണ്ടെങ്കിലും ഇത്തവണ നടന്നില്ല. മാലിന്യനീക്കവും പലയിടങ്ങളിലും കാര്യക്ഷമമല്ല. പടിഞ്ഞാറൻ കൊച്ചിയിലെ പ്രധാന ആശുപത്രികളിലെല്ലാം കോവിഡ് ഐസൊലേഷൻ വാർഡുണ്ട്. അതുകൊണ്ട് തന്നെ ഇതര രോഗങ്ങൾ രൂക്ഷമായാൽ കിടത്തിച്ചികിത്സ പ്രയാസമാകും. മട്ടാഞ്ചേരി ബസാറിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ഒരു മഴ പെയ്താൽ തന്നെ കാനയിലെ ചളി മുഴുവൻ റോഡിലെത്തും. ഇത് ജലജന്യരോഗങ്ങൾക്കും കാരണമാകും. കൊതുക് നശീകരണത്തിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.