മൂന്നാഴ്ചക്കിടെ പിടികൂടിയത് 700 കിലോ ചീഞ്ഞ മത്സ്യം
text_fieldsതോപ്പുംപടി: മൂന്നാഴ്ചക്കിടെ ഭക്ഷ്യസുരക്ഷാവിഭാഗം അധികൃതർ കൊച്ചിയിലെ മാർക്കറ്റുകളിൽനിന്ന് പിടിച്ചെടുത്തത് 700 കിലോയിലേറെ ഭക്ഷ്യയോഗ്യമല്ലാത്ത മീൻ. രണ്ട് മാസത്തിലേറെ പഴക്കമുള്ള ആഴക്കടൽ മത്സ്യങ്ങളാണ് ഇവയിൽ ഏറെയും. കൊച്ചിയിലെ ഏതാനും ഹോട്ടലുകളിലേക്കാണ് ഇത്തരത്തിലുള്ള മോശം മത്സ്യം വിൽക്കുന്നത്.
ഹാർബറുകളിലെ കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്ന ഇത്തരം മത്സ്യങ്ങൾ കുറഞ്ഞ വിലക്ക് മാർക്കറ്റുകളിലെ കച്ചവടക്കാർക്ക് നൽകുന്നതിന് ഏജന്റുമാർ തന്നെ പ്രവർത്തിക്കുന്നുണ്ട്.
തോപ്പുംപടി അന്തി മാർക്കറ്റിൽനിന്ന് പിടിച്ചെടുത്ത മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മൊബൈൽ ലാബിൽ പരിശോധന നടത്തിയപ്പോൾ അമോണിയം കലർത്തിയതായി കണ്ടെത്തിയിരുന്നു. ചീഞ്ഞ മത്സ്യം വഴി ഉണ്ടാകുന്ന ബാക്ടീരിയയും അമോണിയവും കൂടി കലർന്ന് അർബുദം ഉൾപ്പെടെ രോഗങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തോപ്പുംപടി അന്തി മാർക്കറ്റ്, പള്ളുരുത്തി വെളി മാർക്കറ്റ് എന്നിവിടങ്ങളിൽനിന്നാണ് വൻതോതിൽ ചീഞ്ഞ മത്സ്യം പിടിച്ചെടുത്തത്. ഇവിടെ നല്ല രീതിയിൽ കച്ചവടം ചെയ്യുന്നവർക്കുപോലും വിനയായി മാറുന്ന രീതിയിലാണ് ഏതാനും ചില കച്ചവടക്കാരുടെ ഈ പ്രവർത്തനം. ഇതിനെതിരെ പ്രതിഷേധവും കച്ചവടക്കാരിൽ ഉടലെടുത്തിട്ടുണ്ട്.
കൊച്ചി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ ഡോ. നിമിഷ ഭാസ്കർ, കളമശ്ശേരി സർക്കിൾ ഓഫിസർ എം.എൻ. ഷംസിയ, തൃപ്പൂണിത്തുറ സർക്കിൾ ഓഫിസർ വിമല മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് 'ഓപറേഷൻ മത്സ്യ' എന്ന പേരിൽ പരിശോധനകൾ നടക്കുന്നത്. എന്നാൽ, ഇത്തരം മത്സ്യ വിൽപനക്കാർക്കെതിരെ ചെറിയ തുക പിഴ ഈടാക്കി വിടുന്ന രീതി മാറ്റി കർശന ശിക്ഷാ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.