തൃക്കാക്കരക്ക് ഊരാക്കുരുക്കായി കേബിളുകൾ
text_fieldsകാക്കനാട്: ജില്ല ആസ്ഥാനമായ ഐ.ടി നഗരത്തിലെ പല വൈദ്യുതി പോസ്റ്റുകളും മറിയാതെ നിൽക്കുന്നത് ഇരുവശത്തേക്കും വലിച്ച കേബിളുകളുടെ ബലം കൊണ്ടുകൂടിയാണ്. എന്നാൽ, വൈദ്യുതി ലൈനിൽ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് ഈ കേബിൾ കുരുക്ക് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കേബിൾ വകഞ്ഞുമാറ്റി പോസ്റ്റിൽ കയറാനാവില്ല. കയറിയാൽതന്നെ കാൽ കുരുങ്ങുക മാത്രമല്ല, ചിലപ്പോൾ കഴുത്തും കുരുങ്ങാം. പ്രധാന റോഡുകളിൽനിന്ന് ഇടറോഡുകളിലേക്ക് വലിച്ചിരിക്കുന്ന കേബിളുകളാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
അപകടമുണ്ടാകുമ്പോൾ ഈ കേബിളുകൾക്ക് ഉടമസ്ഥരുണ്ടാവില്ല. കേബിൾ മുറിഞ്ഞുകിടന്നാലും അവകാശികളില്ല. ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, തൃക്കാക്കര നഗരസഭ, ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, പ്രത്യേക സാമ്പത്തിക മേഖല, കുട്ടികളുടെ പാർക്ക്, വിവിധ സർക്കാർ - ഇതര സ്ഥാപനങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ അടക്കം സ്ഥിതിചെയ്യുന്ന പ്രധാന നഗരത്തിന്റെ മുഖം വികൃതമാക്കുന്നതിൽ മുന്നിലാണ് ഈ കേബിളുകൾ. ഇടച്ചിറ, കാക്കനാട്, സീപോർട്ട് റോഡ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കുന്നുംപുറം, എൻ.ജി.ഒ ക്വാർട്ടേഴ്സ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ പ്രധാന റോഡുകളിലെല്ലാം ഇരുവശത്തും തോരണംപോലെ കേബിളുകൾ താഴ്ന്നുകിടക്കുകയാണ്. കേബിൾ വലിക്കാൻ അനുമതി നൽകാൻ മാത്രമേ നഗരസഭക്ക് ചുമതലയുള്ളുവെന്ന് അവർ പറയുന്നു. ശരിയായ രീതിയിലാണോ വലിച്ചതെന്ന് പരിശോധിക്കാൻ സംവിധാനങ്ങളില്ല.
അനുമതി നൽകിയവരുമില്ല, വലിച്ചവരുമില്ല
യാത്രക്കാർക്കുമേൽ കുരുക്കുമായി കിടക്കുന്ന കേബിളുകൾ വൻകിടക്കാരുടേതാണ്. അതിൽ കേബിൾ ടി.വി കമ്പനികളുടെ കേബിളുകളുണ്ട്, ടെലികോം കമ്പനികളുടേതുണ്ട്, വൈദ്യുതി കേബിളുകളുണ്ട്, ഇതൊന്നുമല്ലാത്ത നൂറുകണക്കിന് വേറെയുമുണ്ട്. എന്തിന് വലിച്ചതെന്നുപോലും നിശ്ചയമില്ലാത്തവ. നിയമവിധേയമായും നിയമവിരുദ്ധമായും സ്ഥാപിച്ചവയും ഇവയിലുണ്ട്. പക്ഷേ, കേബിൾ വഴി ആർക്കെങ്കിലും അപകടം സംഭവിച്ചാൽ ഒരാളുമില്ല ഉത്തരവാദി.
നടപടി പാതിവഴിയിൽ ഉപേക്ഷിച്ചു
റോഡരികിൽ അപകടഭീഷണി ഉയർത്തുന്ന കേബിളുകൾ കട്ട് ചെയ്യാൻ ഇറങ്ങിയ തൃക്കാക്കര നഗരസഭാധികൃതരുടെ നടപടിയാകട്ടെ പ്രഹസനമായി. ആവശ്യത്തിന് ഉയരമില്ലാതെയാണ് പലയിടത്തും കേബിളുകൾ വലിച്ചിട്ടുള്ളത്. നെറ്റ്വർക്ക് കമ്പനികൾ തോന്നുംപോലെ കേബിളുകൾ വലിക്കുന്നതും ഉപയോഗശൂന്യമായ കേബിൾ മുറിച്ചുമാറ്റാൻ അധികൃതർ ശ്രമിക്കാത്തതുമാണ് സ്ഥിതി ഇത്രയും വഷളാകാൻ കാരണം. ഇരുചക്ര വാഹനങ്ങൾ കേബിളിൽ കുരുങ്ങി വീഴുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.