മഴ കനത്തു: തൃക്കാക്കരയിൽ മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി
text_fieldsകാക്കനാട്: ശക്തമായ മഴയില്‍ തൃക്കാക്കരയിലെ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. തെങ്ങോട് ഗവ. ഹൈസ്കൂൾ വളപ്പിലെ മൺതിട്ട 30 അടി താഴ്ചയിലേക്ക് ഇടിഞ്ഞു. ചോഴിക്കര അമ്പലം റോഡിന്റെ ഒരു ഭാഗവും നിലംപതിച്ചതോടെ പത്തോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡും അപകടാവസ്ഥയിലായി. റോഡരികിലെ വൈദ്യുതി പോസ്റ്റ് ഏതുനിമിഷവും നിലംപൊത്തുന്ന നിലയിലാണ്.
മണ്ണിടിഞ്ഞ പ്രദേശത്ത് അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തുതിയൂർ മൺപുരക്കൽ ലെയ്നിൽ താമസിക്കുന്ന കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന നടവഴിയുടെ ഒരു ഭാഗത്തെ മണ്ണിടിഞ്ഞു. പ്രായമേറിയവരും രോഗികളും കുട്ടികളും അടക്കം ദുരിതത്തിലായി. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ള പ്രതിനിധാനം ചെയ്യുന്ന ഡിവിഷനാണിത്. കൂടാതെ പാട്ടുപുരക്കൽ ബൈറോഡിൽ സംരക്ഷണ ഭിത്തിയിടിഞ്ഞുവീണു. പരപ്പയിൽ ബഷീറിന്റെ വീട്ടിലേക്കാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്.
സീപോർട്ട് റോഡ് ഭാരതമാത കോളജിനു സമീപവും സിവിൽ ലൈൻ റോഡ് പടമുകൾ ജുമാമസ്ജിദിന് സമീപവും മരങ്ങൾ മറിഞ്ഞുവീണു. സീപോർട്ട് റോഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഭാരതമാത കോളജിനു സമീപത്തെ കുഴിമന്തി ഹോട്ടലിനുചേർന്ന കൂറ്റൻ മരമാണ് സീപോർട്ട് റോഡിന് കുറുകെ വീണത്. വൈദ്യുതി പോസ്റ്റിലെ കമ്പികളിൽ മരം കുടുങ്ങിയതിനാൽ വൈദ്യുതി കമ്പികളും വിവിധ കമ്പനികളുടെ കേബിളും പൊട്ടുകയും പോസ്റ്റ് അടക്കം റോഡിലേക്ക് മറിയുകയുമായിരുന്നു. മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഏറ്റവും തിരക്കേറിയ റോഡായതിനാൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തൃക്കാക്കര അഗ്നിരക്ഷാകേന്ദ്രത്തിലെ രണ്ട് യൂനിറ്റ് സേനയെത്തി രണ്ടരമണിക്കൂർ കൊണ്ടാണ് മരം മുറിച്ചുമാറ്റിയത്.
കാക്കനാട് കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വൈദ്യുതി പോസ്റ്റും കമ്പികളും നീക്കംചെയ്തു. തൃക്കാക്കര പൊലീസും സ്ഥലത്തെത്തിയിരുന്നു. കൂടാതെ പടമുകൾ ജുമാമസ്ജിദ് സമീപത്ത് മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുമുകളിലേക്കാണ് മരക്കൊമ്പ് വീണത്. കാറ് ഭാഗികമായി തകർന്നു. തൃക്കാക്കര അഗ്നിരക്ഷാസേനയെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
കളമശ്ശേരിയിൽ ദേശീയപാതയിലടക്കം വെള്ളക്കെട്ട്
കളമശ്ശേരി: കനത്ത മഴയിൽ കളമശ്ശേരിയിൽ ദേശീയ പാതയിലടക്കം വെള്ളക്കെട്ട് തുടരുന്നു. എച്ച്.എം.ടി കോളനിയിൽ സെപ്റ്റിക് ടാങ്കും മഞ്ഞുമ്മലിൽ കിണറും ഇടിഞ്ഞു.
ദേശീയപാത ഇടപ്പള്ളി ടോൾ, വി.പി. മരയ്ക്കാർ റോഡ്, പത്തടിപ്പാലം ഇട റോഡ്, വി.ആർ. തങ്കപ്പൻ റോഡ്, മൂലേപ്പാടം എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മൂലേപ്പാടത്ത് വെള്ളം വീടിനുസമീപം എത്തിയതിനാലും മഴ തുടരുന്നതിനാലും ജനം ഭീതിയിലാണ്. ടോളിലും വിവി മരയ്ക്കാർ റോഡിലും റോഡ് കവിഞ്ഞ് വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ഓളത്തിൽ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും രണ്ടാംദിനവും വെള്ളം ഇരച്ചു കയറുകയായിരുന്നു.
പിന്നീട് നഗരസഭ ജീവനക്കാരെത്തി ഓടകളിലെ തടസ്സങ്ങൾ മാറ്റിയപ്പോൾ വെള്ളം ഒഴുകിപ്പോയി. എച്ച്.എം.ടി കോളനി പന്ത്രണ്ടാം വാർഡിൽ പാലച്ചുവടിന് സമീപം നെല്ലിക്കാത്ത് കുഴി വീട്ടിൽ കൗലത്തിന്റെ വീടിന്റെ അടുക്കളയോട് ചേർന്ന സെപ്റ്റിക് ടാങ്ക് ഇടിഞ്ഞുതാഴ്ന്നു. മഴ തോരാതെ പെയ്യുന്നതിനാൽ വീടിന്റെ അടുക്കളഭാഗംകൂടി ഇടിഞ്ഞ് താഴുമോയെന്ന ഭീതിയിലാണ് വീട്ടുകാർ. മഞ്ഞുമ്മൽ വാർഡ് 28ൽ മാതേനപറമ്പിൽ സജീവന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു.
കുമ്പളത്ത് വീടുകളില്‍ വെള്ളംകയറി
മരട്: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ മൂലം കുമ്പളവും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. കുമ്പളം പഞ്ചായത്ത് 14ാം വാര്‍ഡിലെ പല വീട്ടിലും വെള്ളം കയറി. കൊമേരോത്ത് തമ്പി, വടക്കേടത്ത് അരുണ്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാടകക്ക് എടുത്ത് വെള്ളം ഒഴുക്കിക്കളയുകയായിരുന്നു. കാനകള്‍ ശുചിയാക്കാതിരുന്നതിനാല് പെയ്ത്ത് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമായത്.
കുമ്പളത്തെ പ്രധാന തോടായ കാപ്പിത്തോട് മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതിനാല്‍ ശക്തമായ മഴയത്ത് വെള്ളക്കെട്ട് പതിവായിരിക്കുകയാണ്. കുമ്പളം ഷാപ്പ്പടി അണ്ടര്‍ പാസിലും വെള്ളം കെട്ടിനിന്ന് യാത്രചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.