തൃക്കാക്കരയിൽ കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ളത് കോടികൾ
text_fieldsകാക്കനാട്: തൃക്കാക്കര മേഖലയിൽ വൈദ്യുതി ബോർഡിന് കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ളത് എട്ട് കോടി രൂപ. കാക്കനാട്, എൻ.ജി.ഒ ക്വാർട്ടേഴ്സ് സെക്ഷനുകളിലെ ഉപഭോക്താക്കളിൽനിന്നാണ് കോടിക്കണക്കിന് രൂപ ലഭിക്കാനുള്ളത്. ലോക്ഡൗണിനെത്തുടർന്ന് നൽകിയ ഇളവുകൾ തുടർന്നതോടെയാണ് കുടിശ്ശിക വരുത്തുന്നവരുടെ എണ്ണവും കുതിച്ചുയർന്നത്. അതേസമയം, പണം അടപ്പിക്കാനുള്ള നടപടികൾ വൈദ്യുതി ബോർഡ് ആരംഭിച്ചിട്ടുണ്ട്. കാക്കനാട് സെക്ഷനുകീഴിൽ അഞ്ച് കോടി രൂപയും എൻ.ജി.ഒ ക്വാർട്ടേഴ്സ് സെക്ഷനിൽ മൂന്നുകോടി രൂപയുമാണ് ഇനിയും ലഭിക്കാനുള്ളത്.
കുടിശ്ശിക തിരിച്ചുപിടിക്കാനായി ഉപഭോക്താക്കളെ തേടി ഫോൺവിളികൾ എത്തുന്നുണ്ട്. കുടിശ്ശികയെക്കുറിച്ച് ബോധവാന്മാരാക്കി പണമടപ്പിക്കുക എന്നതാണ് ലക്ഷ്യം.
എക്സിക്യൂട്ടിവ് എൻജിനീയറുടെ വാക്കാൽ നിർദേശപ്രകാരമാണ് ഉപഭോക്താക്കളെ നേരിട്ടുവിളിക്കുന്നത്. 10 ദിവസത്തിനുള്ളിൽ പണം അടക്കണമെന്നാണ് ഉപഭോക്താക്കൾക്ക് നൽകുന്ന നിർദേശം. പണം കൈവശമുണ്ടായിട്ടും കുടിശ്ശിക വരുത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇത്. തവണകളായി അടക്കാനുള്ള സംവിധാനവും കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. വ്യാണിജ്യ വ്യവസായ ഉപഭോക്താക്കൾക്ക് ഇളവ് നൽകാനും തീരുമാനമുണ്ട്. നിലവിലെ സാഹചര്യത്തിൽ കുടിശ്ശിക വന്നാലും വൈദ്യുതി വിച്ഛേദിക്കില്ല എന്ന ഉറപ്പിലാണ് പലരും ബിൽ അടക്കാൻ മടിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, കുടിശ്ശികക്ക് പിഴ ഈടാക്കാമെന്നതിനാൽ കൂടുതൽ പണം അടക്കേണ്ട സ്ഥിതി വരുമെന്നും വ്യക്തമാക്കി.
മുൻപന്തിയിൽ സിവിൽ സ്റ്റേഷനും
കാക്കനാട്: സിവിൽ സ്റ്റേഷനിൽനിന്നും ലഭിക്കാനുള്ളത് വൻ തുകയാണെന്ന് കെ.എസ്.ഇ.ബി. നിരവധി സർക്കാർ ഓഫിസുകളാണ് കാക്കനാട്ടെ ജില്ല ഭരണസിരാ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നത്. ഒട്ടുമിക്ക ഓഫിസുകൾക്കും കുടിശ്ശികയുണ്ട്. വൈദ്യുതി വകുപ്പ് കടുത്ത പ്രതിസന്ധിയിലായതോടെയാണ് കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നടപടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.