ഭരണകക്ഷിയിലെ ഉൾപ്പോര് എൽ.ഡി.എഫിന് മുതലെടുക്കാനായില്ല; യു.ഡി.എഫിന് ആശ്വാസം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുേമ്പാൾ ഭരണകക്ഷിയായ യു.ഡി.എഫിലെ ഉൾപ്പോര് മുതലെടുക്കാനാകുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. ഗ്രൂപ്പുകളായി തിരിഞ്ഞ കോൺഗ്രസും വിമതശ്രമം നടത്തിയ മുസ്ലിം ലീഗും കോൺഗ്രസ് വിമതരായി ജയിച്ച നാലുപേരും അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നതോടെ യു.ഡി.എഫിനാണ് ആശ്വാസമായത്. ഡിസംബറിൽ യു.ഡി.എഫ് ഭരണമേറ്റതിന് പിന്നാലെ എൽ.ഡി.എഫ് പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.
ഏകാധിപത്യ പ്രവണത, അഴിമതി, ഭരണസ്തംഭനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു നിരന്തര സമരം. അതിനിടെ യു.ഡി.എഫിൽതന്നെ അധ്യക്ഷക്കെതിരെ പ്രതിഷേധസ്വരങ്ങൾ ഉയർന്നത് മുതലെടുക്കാനായി ശ്രമം. തെരുവുനായെ വിഷം കൊടുത്ത് കൊന്നു എന്ന വിവാദമുണ്ടായെങ്കിലും പെട്ടെന്നുതന്നെ കെട്ടടങ്ങി. പിന്നീടാണ് തൃക്കാക്കരയെ ഞെട്ടിച്ച ഓണസമ്മാന വിവാദം അരങ്ങേറിയത്. ശക്തമായ പ്രതിഷേധം ഉയർത്താൻ എൽ.ഡി.എഫിന് കഴിഞ്ഞു.അധ്യക്ഷക്കെതിരെ കോൺഗ്രസ് കൗൺസിലർമാരും രംഗത്തെത്തി. വിജിലൻസ് സംഘം സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചപ്പോൾ വിഷയം കൂടുതൽ ഗൗരവമായി. പാർട്ടിയിൽ കടുത്ത സമ്മർദം വന്നതോടെ അജിത രാജിവെക്കണം എന്ന ആവശ്യംപോലും ഉയർന്നു.
അത്തരത്തിൽ ചർച്ച പുരോഗമിക്കവെയാണ് അജിതക്ക് ക്ലീൻ ചിറ്റ് നൽകി ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷം ഉറപ്പായിട്ടും അവസാന ലാപ്പിൽ വരെ അങ്കലാപ്പിൽതന്നെയായിരുന്നു ഭരണപക്ഷം. യു.ഡി.എഫിലെ പൊട്ടിത്തെറികളായിരുന്നു ആശങ്കയിലാക്കിയത്. പരിഗണന നൽകുന്നില്ലെന്നും അവഗണിക്കുെന്നന്നും ആരോപിച്ചായിരുന്നു യു.ഡി.എഫിലെ നാല് കൗൺസിലർമാർ രംഗത്തെത്തിയത്. കൗൺസിലർമാരായ രാധാമണി പിള്ള, സ്മിത സണ്ണി, വി.ഡി. സുരേഷ്, ജോസ് കളത്തിൽ എന്നിവർ വിപ്പ് കൈപ്പറ്റിയില്ല. പിന്നീട് കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ഇവർ സ്വരം മാറ്റിയത്. അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയ ലീഗ് നേതാക്കളെയും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.