തൃക്കാക്കര നഗരസഭ: പ്രതിഷേധവുമായി എൽ.ഡി.എഫ്
text_fieldsകാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതിന് പിന്നാലെ തൃക്കാക്കര നഗരസഭയെ സമരച്ചൂളയിലേക്ക് നയിച്ച് എൽ.ഡി.എഫ്. ഇടതുപക്ഷ കൗൺസിലർമാരുടെ വാർഡുകളിലെ പൊതുമരാമത്ത് ജോലികൾ ഉൾപ്പെടെയുള്ളവയുടെ തുക തടയുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.
നഗരസഭ അധ്യക്ഷ അജിത തങ്കപ്പനും യു.ഡി.എഫ് ഭരണസമിതിക്കുമെതിരെ ഒരു വർഷത്തിലധികമായി തുടരുന്ന പ്രതിഷേധം കൂടുതൽ കടുപ്പിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിന്‍റെ ഭാഗമാണ് പ്രതിഷേധം.
ബുധനാഴ്ച മുതലാണ് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ സമരം ആരംഭിച്ചത്. അജിത തങ്കപ്പന്‍റെ ചേംബറിന് മുന്നിൽ പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി കൗൺസിലർമാർ പ്രതിഷേധിക്കുകയായിരുന്നു. നഗരസഭയിൽ തുടരുന്ന അഴിമതി ചൂണ്ടിക്കാട്ടിയതിലെ വൈരാഗ്യത്തെത്തുടർന്നാണ് ഫണ്ട് വെട്ടിക്കുറച്ചതെന്നാണ് കൗൺസിലർമാരുടെ ആരോപണം. കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗത്തിനിടെ എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽപെടുന്ന 15 വർക്കുകൾക്ക് അനുമതി നിഷേധിച്ചെന്നും മരാമത്ത് വർക്കുകളിൽ മുഴുവൻ അഴിമതിയാണെന്നും നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അജിതക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്ക് കൗൺസിലർമാർ പരാതി നൽകിയിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയും പദവി ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
മഴക്കാല പൂർവശുചീകരണവുമായി ബന്ധപ്പെട്ടും അഴിമതികൾ നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു. തോടുകളുടെ ശുചീകരണം മാനദണ്ഡങ്ങൾ ലംഘിച്ച് ഇഷ്ടക്കാർക്ക് നൽകിയെന്നാണ് പരാതി. ഒന്നര വർഷമായി തങ്ങൾ തുടരുന്ന സമരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.