തൃക്കാക്കര കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യയന വർഷംതന്നെ
text_fieldsകാക്കനാട്: സംസ്ഥാനത്തിന് നഷ്ടപ്പെട്ടുപോകുമെന്ന് കരുതിയിരുന്ന കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യയന വർഷംതന്നെ പ്രവർത്തനമാരംഭിക്കും. തൃക്കാക്കര നഗരസഭയുടെ പച്ചക്കൊടി ലഭിച്ചതോടെയാണ് അവസാന നിമിഷം വിദ്യാലയത്തിന് അനുമതി ലഭിച്ചത്. കാക്കനാടിന് സമീപം തെങ്ങോട് വ്യവസായ പാർക്കിലാണ് 2022-23 വർഷത്തിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.
വ്യവസായ പാർക്കിലെ മൂന്നുനില കെട്ടിടം മൂന്ന് വർഷത്തേക്കാണ് കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുനൽകുക. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഇതിന് അനുമതി ലഭിച്ചു. ഇക്കാലയളവിനുള്ളിൽ തെങ്ങോടുതന്നെ കണ്ടെത്തിയ ആറര ഏക്കറിൽ സ്ഥിരം കാമ്പസ് നിർമിച്ച് അവിടേക്ക് മാറാനാകുമെന്നാണ് കേന്ദ്രീയ വിദ്യാലയം അധികൃതരുടെ പ്രതീക്ഷ.
തെങ്ങോട് വ്യവസായ പാർക്കിലെ കെട്ടിടം ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, ഉപാധ്യക്ഷൻ എ.എ. ഇബ്രാഹിംകുട്ടി, ഡെപ്യൂട്ടി കലക്ടർ കെ.ടി സന്ധ്യാദേവി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി, നഗരസഭ പൊതുമരാമത്ത് മോണിറ്ററിങ് സമിതി അധ്യക്ഷൻ ഷാജി വാഴക്കാല, വില്ലേജ് ഓഫിസർ സുനിൽകുമാർ, നഗരസഭ കൗൺസിലർമാർ എന്നിവർ സന്ദർശിച്ചു. 2019ലായിരുന്നു തൃക്കാക്കരയിൽ ഉൾപ്പെടെ രാജ്യവ്യാപകമായി 29 വിദ്യാലയത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതിൽ 28 എണ്ണവും പ്രവർത്തനം ആരംഭിച്ചെങ്കിലും തൃക്കാക്കരയിലേതുമാത്രം മെല്ലെപ്പോക്കിൽ ആയിരുന്നു. ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതായിരുന്നു ഇതിനു കാരണം.
മൂന്ന് വർഷമായിട്ടും പ്രവർത്തനം തുടങ്ങാൻ സാധിക്കാതെ വന്നതോടെ ഇത് നഷ്ടപ്പെട്ടേക്കുമെന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.