നാല് സ്വതന്ത്രർ എൽ.ഡി.എഫിലേക്ക്; തൃക്കാക്കര നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമാകും
text_fieldsകാക്കനാട്: രണ്ടരവർഷം പിന്നിടുമ്പോൾ തൃക്കാക്കര നഗരസഭയിൽ യു.ഡി.എഫിനു ഭരണം നഷ്ടമാകുന്നു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പനുള്ള പിന്തുണ കോൺഗ്രസ് വിമതരായ നാല് സ്വതന്ത്ര കൗൺസിലർമാർ പിൻവലിക്കാൻ തീരുമാനിച്ചു. വിമതരിൽ ഒരാളെ അധ്യക്ഷയാക്കാമെന്ന് എൽ.ഡി.എഫ് ഉറപ്പു നൽകിയതോടെയാണ് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്.
കോൺഗ്രസിലെ ചേരിപ്പോരും ഇതുമൂലം പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതുമാണ് പിന്തുണ പിൻവലിക്കാൻ കാരണമെന്നാണ് എൽ.ഡി.എഫിനൊപ്പം ചേരുന്ന സ്വതന്ത്ര കൗൺസിലാർമാരായ ഓമന സാബു, അബ്ദു ഷാന, ഇ.പി. കാദർകുഞ്ഞ്, വർഗീസ് പ്ലാശ്ശേരി എന്നിവർ പറയുന്നത്. നഗരസഭ അധ്യക്ഷനും ഉപാധ്യക്ഷനും എതിരെ എൽ.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ ഇവർ പിന്തുണക്കും. സ്വതന്ത്രരുടെ പിന്തുണയോടെയാണ് തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർക്ക് എൽ.ഡി.എഫ് അവിശ്വാസ നോട്ടീസ് നൽകിയത്.
അധ്യക്ഷ സ്ഥാനം വനിത സംവരണമാണ്. വിമതരിലെ ഏക വനിതയായ ഓമന സാബുവിനെ അധ്യക്ഷയാക്കാനാണ് എൽ.ഡി.എഫിലെ ധാരണ. അബ്ദു ഷാന, ഇ.പി. കാദർകുഞ്ഞ് എന്നിവർ വൈസ് ചെയർമാൻമാർ ആകും. വർഗീസ് പ്ലാശ്ശേരിക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും നൽകും. ആദ്യ പകുതി അബ്ദു ഷാനക്കും രണ്ടാം പകുതി ഇ.പി. കാദർകുഞ്ഞിനും നൽകാനാണ് തീരുമാനം. വർഗീസ് പ്ലാശ്ശേരിക്ക് ആരോഗ്യ സ്ഥിരംസമിതി നൽകാനായില്ലെങ്കിൽ ഇത് മൂന്നാക്കി അവസാന പാദത്തിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കും. അതേസമയം, നേരത്തേ മുതൽ എൽ.ഡി.എഫിന് ഒപ്പം നിൽക്കുന്ന സ്വതന്ത്രൻ പി.സി. മനൂപ് സ്ഥാനങ്ങൾ വേണ്ടെന്ന് അറിയിച്ചിരുന്നു. സ്വതന്ത്രർക്ക് പുറമെ എൽ.ഡി.എഫ് കൗൺസിലർമാരും ഓമനക്ക് പിന്തുണ നൽകും.
നിലവിൽ 43 അംഗ കൗൺസിലിൽ 21 പേരാണ് യു.ഡി.എഫിനുള്ളത്. കേവല ഭൂരിപക്ഷത്തിന് 22 പേരുടെ പിന്തുണ ആവശ്യമാണ്. സ്വതന്ത്രർ എൽ.ഡി.എഫിലേക്ക് ചേക്കേറുന്നതോടെ ഇവർക്ക് കേവല ഭൂരിപക്ഷമാകും. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് നേതാക്കൾ മുൻകൈയെടുത്ത് കോൺഗ്രസ് വിമതരുടെ യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.