അമേരിക്കയില്‍ ശില്‍പപ്രദര്‍ശനമൊരുക്കി എടവനക്കാട് സ്വദേശിനി
text_fieldsവൈപ്പിന്‍: ഗാര്‍ഹിക പീഡനത്തിനെതിരെ അമേരിക്കയില്‍ സ്ഫടികശില്‍പമൊരുക്കി എടവനക്കാട് സ്വദേശിനി. സെന്റ് ജോസഫ് നഗരത്തിലെ വൈ.ഡബ്ല്യു.സി.എയിലാണ് എടവനക്കാട് കിഴക്കേവീട്ടില്‍ കുടുംബാംഗമായ ഹസ്‌ന ഗാര്‍ഹിക പീഡനത്തിന് ഇരകളായവരോടുള്ള ആദരസൂചകമായി ശില്‍പ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. മനുഷ്യക്കടത്ത് ഇരകള്‍ക്കുവേണ്ടി 2020 ഒക്ടോബറില്‍ കാന്‍സസിലെ ലൈക്കിന്‍സ് സ്‌ക്വയര്‍ പാര്‍ക്കില്‍ ഹസ്‌ന ഒരുക്കിയ സ്ഫടിക ശില്‍പപ്രദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയില്‍ മനുഷ്യക്കടത്ത് ഇരകള്‍ക്കുള്ള ഏക പൊതു ആര്‍ട്ട് സ്മാരകം കൂടിയായിരുന്നു ഇത്. സ്ത്രീ ശാക്തീകരണവും അതിജീവനവുമാണ് ആര്‍ക്കിടെക്ടും ഗ്ലാസ് ആര്‍ട്ടിസ്റ്റുമായ ഹസ്‌ന തന്റെ സൃഷ്ടികളിലൂടെ പങ്കുവെക്കുന്നത്.
പീഡനങ്ങള്‍ക്ക് ഇരയായിരുന്ന പെണ്‍കുട്ടികളുടെ ദൈന്യത ലോക ശ്രദ്ധയിൽപെടുത്തുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മുംബൈയിലും പിന്നീട് സൗദി, അമേരിക്ക, ഹോളണ്ട് എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ് രംഗത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്ന കെ.എം. സക്കരിയയുടെയും ഖദീജയുടെയും മകളാണ് ഹസ്‌ന. ബോസ്റ്റനില്‍നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദമെടുത്തു. പിന്നീട് ഹാര്‍വഡ് സര്‍വകലാശാലയില്‍നിന്ന് ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തര ബിരുദം നേടി. 19 വര്‍ഷമായി സ്ഫടിക കലയില്‍ ഹസ്‌ന സജീവമാണ്. ഭര്‍ത്താവ്: കാഞ്ഞിരപ്പിള്ളി സ്വദേശിയും അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. താജു സലാം. മകന്‍: 11ാം ക്ലാസ് വിദ്യാര്‍ഥി ആരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.