ചെമ്മീന്‍ കെട്ടിലെ മീന്‍ മോഷ്ടിക്കാനെത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചതായി പരാതി
text_fieldsവൈപ്പിന്‍ :ചെമ്മീന്‍ കെട്ടില്‍ മീന്‍ മോഷ്ടിക്കാന്‍ എത്തിയവരെ ചോദ്യം ചെയ്ത നടത്തിപ്പുകാരനെ സംഘം ചേര്‍ന്ന് മർദിക്കുകയും കാവല്മാടത്തിലെ സാമഗ്രികള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തതായി പരാതി. എടവനക്കാട് കാട്ടുപറമ്പില്‍ പ്രസാദിനാണ് (35) മര്‍ദനമേറ്റത്. മുഖത്തും കൈക്കും പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവനക്കാട് അണിയല് പടിഞ്ഞാറുള്ള കോട്ടക്കല്‍ കെട്ടില്‍ ആണ് സംഭവം.
കെട്ടില്‍ നിന്നും ചൂണ്ട ഉപയോഗിച്ചും അമ്പ് ഉപയോഗിച്ചും മീന്‍ അനധികൃതമായി പിടിച്ചെടുക്കുന്നതിനെതിരെ ചിലരുമായി നേരത്തേ മുതല്‍ തര്‍ക്കം നിലനിന്നിരുന്നു. മീന്‍ മോഷണവുമായി ബന്ധപ്പെട്ട് ഇവരെ താക്കീതും ചെയ്തിരുന്നതായി നടത്തിപ്പുകാര്‍ പറയുന്നു. എന്നാല്‍ ഇതിനുശേഷവും വീണ്ടും മോഷണ സംഘം എത്തിയതോടെയാണ് നടത്തിപ്പുകാര്‍ തടയാന്‍ ശ്രമിച്ചതും കൈയേറ്റം നടന്നതും. ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.
എടവനക്കാട് മേഖലയിലെ കെട്ടുകളില്‍ മീന്‍ മോഷണം വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. കറിയുടെ ആവശ്യത്തിന് എന്ന പേരില്‍ ചൂണ്ടയുമായി എത്തുന്നവര്‍ വിലപിടിപ്പുള്ള മീനുകള്‍ വന്‍തോതില്‍ പിടിച്ചുകൊണ്ടുപോയി വില്പന നടത്തുന്നത് പതിവാണെന്നാണ് പരാതി. ചോദ്യം ചെയ്താല്‍ പലപ്പോഴും ഭീഷണിയും കൈയേറ്റവുമാണെന്ന് കെട്ട് നടത്തിപ്പുകാര്‍ പറയുന്നു. രാത്രിയുടെ മറവില്‍ വല ഉപയോഗിച്ചുള്ള മത്സ്യ മോഷണവും ഇവിടെ വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.