വിടവാങ്ങിയത് പ്രഗല്ഭ ബാസ് ഗിത്താറിസ്റ്റ്, നാടറിയുന്ന ശ്വാന പരിശീലകൻ
text_fieldsവൈപ്പിൻ: ഉടമയുടെ മനസ്സറിഞ്ഞ് പെരുമാറാന്‍ നായ്ക്കളെ പ്രാപ്തരാക്കുന്ന മികച്ച ട്രെയിനര്‍. സിനിമയിലും ജീവിതത്തിലും ഒരുപോലെ പേരെടുത്ത റിങ് മാസ്റ്റർ. കേരളത്തിലെ എണ്ണം പറഞ്ഞ ശ്വാന പരിശീലകനും പേരെടുത്ത ബാസ് ഗിറ്റാറിസ്റ്റുമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ എടവനക്കാട് സ്വദേശി ഷബീര്‍ പി. അലി. മലയാളത്തിലടക്കം നിരവധി സിനിമകളില്‍ നായ്ക്കള്‍ക്ക് ഇദ്ദേഹം പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ഖല്‍ബ് ആയിരുന്നു ഒടുവിലത്തേത്. 2023ല്‍ പുറത്തിറങ്ങിയ വാലാട്ടി സിനിമയിലും നായ പരിശീലകനായിരുന്നു. കോവിഡ് കാലത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മറ്റു രണ്ടു പേര്‍ക്കൊപ്പം മൂന്ന് വര്‍ഷത്തോളമാണ് നായ്ക്കളുടെ ട്രെയിനറായി പ്രവര്‍ത്തിച്ചത്. ശ്വാന പരിശീലനത്തില്‍ 25 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഷബീര്‍ 2002ലാണ് പൂര്‍ണമായും ഈ രംഗത്തേക്ക് തിരിഞ്ഞത്. ഉപയോഗം, ട്രാക്കിങ് എന്നീ കോഴ്സുകളിൽ മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് പരിശീലനം നേടി. അതുകൊണ്ട് തന്നെ നിരവധിപേരാണ് നായ പരിശീലനത്തിനായി സമീപിച്ചിരുന്നത്. കേരളത്തില്‍ മാത്രം 1600 ഓളം നായ്ക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്.
നേരത്തെ കൊച്ചി ആസ്ഥാനമായ കാവ് എന്ന സംഗീത ബാന്റിലെ ബാസ് ഗിറ്റാറിസ്റ്റായിരുന്നു. 35 രാജ്യങ്ങള്‍ പങ്കെടുത്ത മ്യൂസിക് അലെയ്ന്സ് പ്രൊജക്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മ്യൂസിക് ബാന്‍ഡാണ് വൈപ്പിന്കരയില് രൂപംകൊണ്ട കാവ്. സുഹൃത്തായ ശ്യം.എന്‍. പൈയുമായി ചേര്‍ന്ന് ഷബീര്‍ അലിയാണ് 2009 ല്‍ ബാന്‍ഡിനു രൂപം നല്‍കിയത്. പള്ളുരുത്തി സ്വദേശിയായ അരുണ്‍.എസ്.കുമാര്‍ കൂടി ഭാഗമായതോടെ കാവ് എന്ന ട്രയോ മ്യൂസിക് ബാന്‍ഡ് സംഗീത ലോകത്ത് ചുവടുറപ്പിച്ചു.
ഓര്‍ക്കസ്ട്ര ഉപയോഗിച്ചു മാത്രം നാദപ്രപഞ്ചം തീര്‍ക്കുന്ന കാവ് പെട്ടെന്നു തന്നെ തങ്ങളുടേതായ ഈണങ്ങള്‍ക്കൊണ്ട് പ്രശസ്തി നേടി. ഗിറ്റാര്‍, ബാസ്, ഡ്രംസ് തുടങ്ങിയ മൂന്നു വാദ്യോപകരണങ്ങളാണ് പ്രധാനമായും കാവിലെ സംഗീതത്തിന് ജീവനേകിയത്. പിൽക്കാലത്തു ബാൻഡിന്റെ പ്രശസ്തി നഷ്ടപ്പെട്ടെങ്കിലും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.