മുങ്ങിക്കിടന്ന ബോട്ടിൽ ഇടിച്ച് അഴിമുഖത്ത് വള്ളവും ബോട്ടും മുങ്ങി
text_fieldsവൈപ്പിൻ: മത്സ്യബന്ധനം കഴിഞ്ഞ് വരുകയായിരുന്ന ബോട്ടും മത്സ്യബന്ധനത്തിനു പുറപ്പെട്ട വള്ളവും കൊച്ചി അഴിമുഖത്ത് മുങ്ങിക്കിടന്നിരുന്ന പഴയ മത്സ്യ ബന്ധന ബോട്ടിൽ ഇടിച്ച് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ഒമ്പതു തൊഴിലാളികളെ മറ്റു ബോട്ടുകാർ രക്ഷപ്പെടുത്തി. അസ്വസ്ഥത പ്രകടിപ്പിച്ച രണ്ടു വള്ളം തൊഴിലാളികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് കാളമുക്ക് ഹാർബറിലേക്ക് മടങ്ങുകയായിരുന്ന ടി.ആർ. രവീന്ദ്രെൻറ ഉടമസ്ഥതയിലുള്ള ആഷിഖ് മോൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ എട്ടുലക്ഷം രൂപയുടെ ചെമ്മീനുണ്ടായിരുന്നു.
എൽ.എൻ.ജി ടെർമിനലിന് പടിഞ്ഞാറ് 200 മീറ്റർ അകലെ െവച്ചാണ് അപകടമുണ്ടായത്. വേലിയിറക്കമായതിനാലും ബോട്ടിൽ മത്സ്യങ്ങൾ ഉണ്ടായിരുന്നതിനാലുമാണ് മുങ്ങിക്കിടന്നിരുന്ന ബോട്ടിൽ ഇടിക്കാൻ ഇടയായതെന്നാണ് സൂചന. തരകൻ നോർവീൻ, നാല് ഉത്തരേന്ത്യൻ തൊഴിലാളികളും അഞ്ച് തമിഴ്നാട് സ്വദേശികളായ തൊഴിലാളികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ബോട്ട് വൈകിട്ടോടെ മറ്റു ബോട്ടുകൾ കെട്ടിവലിച്ച് വൈപ്പിനിലെത്തിച്ചു.
ബുധനാഴ്ച പുലർച്ച 48 തൊഴിലാളികളുമായി കാളമുക്ക് ഹാർബറിൽനിന്നും മത്സ്യബന്ധനത്തിന് പോയ ശ്യാം വൈപ്പിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സെൻറ് ആൻറണീസ് എന്ന വള്ളവും മുങ്ങിക്കിടന്നിരുന്ന ബോട്ടിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളം മുങ്ങി. വലയും നഷ്ടപ്പെട്ടു. കടലിൽ നീന്തിയ തൊഴിലാളികളെ പിന്നാലെ എത്തിയ സെൻറ് ഫ്രാൻസിസ് എന്ന കാരിയർ വള്ളമാണ് രക്ഷപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളായ കണ്ണൻ-41, ബാബു - 45 എന്നിവർക്ക് പരിക്കേറ്റു.
വള്ളത്തിന് ഒരു കോടി രൂപയുടെയും ബോട്ടിന് ചരക്കടക്കം 50 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്.
കൊച്ചി കോസ്റ്റൽ പൊലീസ് സി.ഐ.സുനു കുമാർ, എസ്.ഐമാരായ . സംഗീത് ജോബ്, സന്തോഷ്, ജോർജ് ലാൽ,വാർഡൻമാരായ സനീഷ്,വിഷ്ണു മറൈൻ എസ്. ഐ.പ്രഹ്ലാദൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.