വള്ളം കെട്ടഴിഞ്ഞ് ജെട്ടിയിൽ; ജങ്കാർ അടുപ്പിക്കാനാവാതെ ജീവനക്കാർ
text_fieldsഫോർട്ട്കൊച്ചി: ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും അഴിമുഖം കടക്കുവാൻ ആശ്രയിക്കുന്ന ഫോർട്ട്കൊച്ചി റോ റോ ജെട്ടിക്ക് സമീപം മത്സ്യബന്ധന യാനങ്ങൾ കെട്ടുന്നത് ജങ്കാർ അടുപ്പിക്കുന്നതിന് തടസ്സമാകുന്നു.
വ്യാഴാഴ്ച രാവിലെ ഏഴോടെ വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന ജങ്കാറിന് തടസ്സമായത് കെട്ടഴിഞ്ഞ വള്ളം.
ജെട്ടിക്ക് സമീപമായി കായലിൽ കെട്ടഴിഞ്ഞ ആളില്ലാ വള്ളം വിലങ്ങനെ നിന്നതോടെ ജങ്കാർ ജെട്ടിയിൽ അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് ജങ്കാറിലെ എൻജിനിൽനിന്നും വെള്ളം ശക്തിയായി പമ്പു ചെയ്ത് ഓളം സൃഷ്ടിച്ചാണ് വള്ളം ഒഴുക്കിമാറ്റിയത്.
ഏതാണ്ട് 20 മിനിറ്റ് കഴിഞ്ഞാണ് ജങ്കാർ ജെട്ടിയിൽ അടുപ്പിക്കാനായത്. കഴിഞ്ഞ ദിവസം ഇവിടെ അടുപ്പിച്ച വലിയ ഇൻബോഡ് വള്ളം എൻജിൻ തകരാറിനെ തുടർന്ന് സ്റ്റാർട്ടാക്കാൻ കഴിയാത്തതിനാൽ 20 മിനിറ്റോളം ജങ്കാർ ജെട്ടിയിൽ അടുപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു. വള്ളങ്ങൾ അടുപ്പിക്കുന്നതിന് സമീപത്ത് ജെട്ടികൾ ഉണ്ടെന്നിരിക്കെ റോ റോ ജെട്ടിയോട് ചേർന്ന് വള്ളങ്ങൾ അടുപ്പിക്കുന്നത് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇൻബോർഡ് വള്ളങ്ങൾ അടുപ്പിച്ച് വലകൾ തുന്നുന്നതും മറ്റും യാത്രക്കാർക്ക് തടസ്സമാകുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.