കാലാവസ്ഥ വ്യതിയാനം; മത്സ്യബന്ധന മേഖല വീണ്ടും പ്രതിസന്ധിയില്‍
text_fieldsവൈപ്പിന്‍: ന്യൂനമര്ദത്തിെൻറ പശ്ചാത്തലത്തില്‍ ബോട്ടുകള്‍ തീരത്തണഞ്ഞത് വീണ്ടും മത്സ്യബന്ധനമേഖലക്ക് തിരിച്ചടിയായി. നീണ്ട ഇടവേളക്കുശേഷം മത്സ്യബന്ധനം പുനരാരംഭിച്ച സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാനംമൂലം ബോട്ടുകള്‍ക്ക് കരയിലേക്ക് മടങ്ങേണ്ടി വന്നത്. കോവിഡ് പ്രതിസന്ധിയും മോശം കാലാവസ്ഥയും കടല്‍ക്ഷോഭവും കരിനിഴല്‍ വീഴ്ത്തിയ നാളുകള്‍ വീണ്ടെടുക്കാന്‍ ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് ചാകരക്കാലമാണ്. ആ ചാകരക്കാലം കോവിഡും കാലാവസ്ഥാ വ്യതിയാനവും തട്ടിത്തെറിപ്പിക്കുമോയെന്ന പേടിയിലാണ് മത്സ്യെത്താഴിലാളികള്. നിരോധനം അവസാനിച്ചശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ക്ക് കാര്യമായ തോതില്‍ മീന്‍ ലഭിച്ചില്ല. തുടക്കത്തില്‍ സുലഭമായി ലഭിക്കാറുള്ള കിളിമീന്‍ സാന്നിധ്യം പോലും ഇത്തവണ തീരെ കുറവായിരുന്നു. ചെമ്മീെൻറയും ലഭ്യത കുറവായിരുന്നു.
കരിക്കാടി ചെമ്മീന്‍ മാത്രമാണ് മോശമല്ലാത്ത തോതില്‍ കിട്ടിത്തുടങ്ങിയത്. എന്നാല്‍, ഒട്ടുമിക്ക ബോട്ടുകള്‍ക്കും വന്‍തോതില്‍ ചെമ്മീന്‍ കിട്ടിയതോടെ വിലയില്‍ ഇടിവുമുണ്ടായി. കിട്ടുന്ന ചെമ്മീന്‍ കാര്യമായ വലുപ്പം ഇല്ലാത്തതും പ്രശ്നമായി. ഇതേത്തുടര്‍ന്ന് ചെമ്മീന്‍ മാത്രം ലക്ഷ്യമിട്ടു കടലിലിറങ്ങിയ ബോട്ടുകള്‍ പലതും കടലില്‍ പോകാതെ കിടന്നു. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരുപാട് കുടുംബങ്ങളാണ് ഇതോടെ വറുതിയിലായത്. കഴിഞ്ഞ സീസണിലും ഒട്ടേറെ തൊഴില്‍ദിനങ്ങള്‍ ഇത്തരത്തില്‍ നഷ്ടമായിരുന്നു. മത്സ്യലഭ്യത കുറഞ്ഞതിനെതുടര്ന്നും നിരവധി ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ സാധിച്ചില്ല. പല ഉടമകളും ഇതിെൻറ പേരില്‍ വന്‍ തോതില്‍ സാമ്പത്തിക നഷ്ടം നേരിട്ടു. ട്രോളിങ് നിരോധനത്തില്‍ ഇളവു വേണമെന്ന് മത്സ്യമേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ആ നഷ്ടം നികത്തുന്നതിനിടെ പലതവണ കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി.
ബോട്ടുകള്‍ കടലില്‍ ഇറങ്ങാന്‍ വൈകിയാല്‍ ഇനിയും വലിയ കടക്കെണിയിലേക്ക് നീങ്ങുമെന്ന ആധിയിലാണ് മത്സ്യമേഖലയും അനുബന്ധമേഖലയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.