തീരദേശ പരിപാലന നിയമം: പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ആക്ഷൻ കൗൺസിൽ
text_fieldsവൈപ്പിൻ: തീരദേശ പരിപാലന നിയമം മൂലം വീട് നിർമിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമാകുന്ന ഭേദഗതി നടപ്പാക്കാത്തതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി ആക്ഷൻ കൗൺസിൽ. ഇതുമായി ബന്ധപ്പെട്ട് നൽകിയ നിവേദനങ്ങൾക്കും പ്രക്ഷോഭ പരിപാടികൾക്ക് ശേഷവും ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിലാണിത്. ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ മെംബർ സെക്രട്ടറിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് നിർദേശം ലഭിച്ചിട്ട് പോലും കാര്യങ്ങൾ മുന്നോട്ടു നീങ്ങിയിട്ടില്ല.
കേരളത്തിൽ പ്രാബല്യത്തിലുള്ള 2011ലെ തീരദേശ പരിപാലന നിയമത്തിന് അനുബന്ധമായി 2020 മേയ് ഒന്നിനാണ് ഭേദഗതി പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം പൊക്കാളിപ്പാടങ്ങളുടെയും ചെമ്മീൻ കെട്ടുകളുടെയും അടുത്ത് താമസിക്കുന്നവർക്ക് തൂമ്പ് വേലിയേറ്റ രേഖയായി കണക്കാക്കി നിർമാണത്തിന് അനുമതി നൽകാൻ കഴിയും. 2011ലെ നിയമപ്രകാരം വേലിയേറ്റരേഖയായി കണക്കാക്കി വരുന്നത് ജലാശയങ്ങളുടെ വരമ്പാണ്. ഇതിൽ ഇളവ് ലഭിക്കുന്നതോടെ ഓരോ പഞ്ചായത്തിലും നൂറുകണക്കിന് പേർക്കാണ് വീട് നിർമാണത്തിനുള്ള തടസ്സം നീങ്ങുക. എന്നാൽ, ഭേദഗതി പുറത്തു വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പാക്കാൻ നടപടി ഉണ്ടായിട്ടില്ല. ഇതേതുടർന്നാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭം ശക്തമാക്കിയതെന്ന് പൊതുപ്രവർത്തകനായ ഇ.കെ. സലിഹരൻ പറഞ്ഞു.
വീട് നിർമാണത്തിന് അനുമതി ലഭിക്കാത്തതിനാൽ ജലാശയങ്ങളോട് ചേർന്ന് താമസിക്കുന്നവർ ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റും മറ്റും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക കൂരകളിലാണ് കഴിയുന്നത്. കുട്ടികൾക്കും മറ്റും നേരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ പലരും ആശങ്കയോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020ലെ ഭേദഗതി കേരളമൊഴിച്ചുള്ള മറ്റു പല സം സ്ഥാനങ്ങളും നടപ്പാക്കിയ സാഹചര്യത്തിൽ ഇനി അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സമയം നീക്കിവെക്കാൻ ഇല്ലെന്ന നിലപാടാണ് ബന്ധപ്പെട്ട കേന്ദ്ര ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇനി നടപടി ഉണ്ടാകേണ്ടത് സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്നാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ വഴി സമ്മർദം ശക്തമാക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.