വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും നേരിട്ട് ബന്ധിപ്പിക്കാൻ സാധ്യത പഠനം
text_fieldsവൈപ്പിൻ: വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും നേരിട്ട് ബന്ധിപ്പിക്കുന്നതിന് ഭൂഗർഭ പാതയോ എലിവേറ്റഡ് ഹൈവേയോ നിർമിക്കുന്നതിന്റെ സാധ്യത പഠിക്കാൻ നിർദേശം നൽകിയതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
പദ്ധതിക്കുവേണ്ടി വരുന്ന തുക കണക്കാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈപ്പിനിലൂടെയും കൊച്ചിയിലൂടെയും കടന്നുപോകുന്ന ബൃഹത് പദ്ധതിയായ തീരദേശ ഹൈവേ കൊച്ചി അഴിമുഖത്ത് മുറിഞ്ഞുപോകുന്നത് ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ സംബന്ധിച്ച് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിയമസഭയിലുന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിൽ നിർമിക്കുന്ന തീരദേശ ഹൈവേയുടെ എറണാകുളം, തൃശൂർ ജില്ലകളിലെ വിശദ പദ്ധതി രേഖ തയാറാക്കുന്നത് എൽ ആൻഡ് ടി എന്ന കൺസൾട്ടൻറാണ്. വൈപ്പിൻ-ഫോർട്ട്കൊച്ചി ഭൂഗർഭ പാത അല്ലെങ്കിൽ എലിവേറ്റഡ് ഹൈവേയുടെ സാധ്യതയും ചെലവും കണക്കാക്കാൻ എൽ ആൻഡ് ടിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്.
തീരദേശ ഹൈവേയുടെ വിശദ പദ്ധതി റിപ്പോർട്ടിന്റെ കരടുരേഖ സംബന്ധിച്ച് കിഫ്ബിയിൽ നടന്ന ചർച്ചയിൽ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും നേരിട്ട് ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നിരുന്നു.തുടർന്നാണ് നിലവിലെ റോ-റോ സർവിസുകൾ തുടരുന്നതിനു പകരം സംവിധാനത്തിന്റെ സാധ്യത പഠിക്കാൻ നിർദേശം നൽകിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ്, എം.എൽ.എക്ക് നൽകിയ മറുപടിയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.