കടല്‍ തണുക്കുന്നു; പ്രതീക്ഷയോടെ മത്സ്യബന്ധന മേഖല
text_fieldsവൈപ്പിന്‍: കടുത്ത ചൂടിന് ശേഷം എത്തിയ മഴയില്‍ പ്രതീക്ഷയോടെ മത്സ്യബന്ധന മേഖല. ഉഷ്ണതരംഗത്തെയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളെയും തുടര്‍ന്ന് മീന്‍ ലഭ്യത കുറഞ്ഞതോടെ മത്സ്യ, അനുബന്ധ തൊഴിലാളികള്‍ പ്രതിസന്ധിയിലായിരുന്നു.
മീന്‍ തീരെ കിട്ടാതായതോടെ ബോട്ടുകളില്‍ ഭൂരിഭാഗവും വിശ്രമത്തിലായി. കനത്ത നഷ്ടം നേരിട്ടതോടെ വിശ്രമത്തിലായിരുന്ന ഫിഷിങ് ബോട്ടുകളാണ് പ്രതീക്ഷയോടെ കടലിലേക്ക് ഇറങ്ങിത്തുടങ്ങിയത്.
മത്സ്യബന്ധന മേഖലയില്‍ ഏറെ നാളായി തുടരുന്ന മീന്‍ വറുതി കനത്ത ചൂടില്‍ പാരമ്യത്തിലെത്തിയിരുന്നു. ഇതോടെ മത്സ്യങ്ങള്‍ പൂര്‍ണമായിത്തന്നെ അപ്രത്യക്ഷമായ അവസ്ഥയിലായി. സാധാരണക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന കിളിമീന്‍, മത്തി, അയല, മാന്തല്‍, വേളൂരി എന്നിവ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിയിരുന്നത്. കേരളത്തിന് പുറത്തുനിന്ന് വരുന്ന മീനിന്റെ വില്‍പ്പന തോത് 40 ശതമാനത്തോളമായിരുന്നത് 70 ശതമാനത്തോളമായാണ് ഉയര്‍ന്നിരുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
വിപണിയിലെത്തുന്ന മത്സ്യത്തില്‍ ഭൂരിഭാഗവും തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ്. ദൗര്‍ലഭ്യത്തെത്തുടര്‍ന്ന് വില കുത്തനെ കൂടി. ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ചൂട് കൂടിയതോടെ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് പോയി. ആഴക്കടലില്‍ നിന്ന് പിടിക്കുന്ന അയക്കൂറ, കേര, കുടുത തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാന ഹാര്‍ബറുകളില്‍ എത്തിയിരുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.
നിലവില്‍ പെയ്ത മഴയില്‍ വറുതിക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ശക്തമായ മഴയില്‍ കടല്‍ കലങ്ങിമറിയുമ്പോള്‍ വലിയ ചെമ്മീന്‍ ഉള്‍പ്പടെ ധാരാളം മീന്‍ ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ചെറുമഴക്ക് ശേഷം കടലില്‍ ഇറങ്ങിയ ബോട്ടുകള്‍ക്ക് ചെമ്പാന്‍, വറ്റ തുടങ്ങിയ മീനുകള്‍ കുറഞ്ഞ തോതിലെങ്കിലും ലഭിച്ചിരുന്നു. കടല്‍ കൂടുതല്‍ തണുത്താല്‍ മീന്‍ ലഭ്യതയും അതിനൊപ്പം കൂടുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകാര്. ഇടത്തരം കിളിമീന്‍, കുറഞ്ഞ തോതില്‍ കിനാവള്ളി, ചെറിയ കണവ എന്നിവയും ബോട്ടുകള്‍ക്ക് ലഭിക്കുന്നുണ്ട്. സാധാരണഗതിയില്‍ വലിയ കണവ വന്‍തോതില്‍ ലഭിക്കേണ്ട സമയമാണിതെന്ന് ഇവര്‍ പറയുന്നു. ജൂണില്‍ അത്തരമൊരു ചാകര കിട്ടുമെന്ന പ്രതീക്ഷയിലാണ് തീരദേശ മേഖല.
മഴ എത്തിയതോടെ ബോട്ടുകള്‍ കെട്ടിയിട്ട് നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് മൂലം ആശങ്കയിലാണ് തൊഴിലാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.