ഫോര്‍ട്ട് വൈപ്പിൻ അഴിമുഖയോരത്തെ നടപ്പാത അപകടാവസ്ഥയില്‍
text_fieldsവൈപ്പിന്‍: ഫോര്‍ട്ട് വൈപ്പിനിലെ അഴിമുഖയോരത്തെ നടപ്പാത തകര്‍ന്ന് അപകടഭീഷണിയില്‍. കരിങ്കല്‍ഭിത്തി ഇളകിമാറി നടപ്പാത ഇടിഞ്ഞുവീഴാറായ അവസ്ഥയില്‍ ആളുകള്‍ ഏതുനിമിഷവും വെള്ളത്തിലേക്ക് തെറിച്ചുവീഴുന്ന സാഹചര്യമാണുള്ളത്. വിദേശികളടക്കം ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശത്ത് ഉത്സവ അവധികൂടി വന്നതിനാല്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
നഗരത്തോട് ചേര്‍ന്നുകിടക്കുന്നതിനാലും മെട്രോ സർവിസില്‍ പെട്ടെന്നുതന്നെ ആളുകള്‍ക്ക് ഇവിടേക്കെത്താന്‍ കഴിയുന്നതിനാലും ഫോര്‍ട്ട് വൈപ്പിനില്‍ വരും ദിവസങ്ങളിലും തിരക്കേറും. ചുവപ്പുപരവതാനി വിരിച്ചപോലെയുള്ള നടപ്പാത പലയിടങ്ങളിലും തകര്‍ന്നു. വെള്ളം അടിച്ചുകയറി നടപ്പാതക്കടിയിലെ കരിങ്കല്‍ ഭിത്തി ഇളകിയാണ് നാശം സംഭവിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കായി നിര്‍മിച്ച പാര്‍ക്കും നാശത്തിന്റെ വക്കിലാണ്. ടൂറിസം വകുപ്പ് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച ഇവ പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കലക്ടര്‍ ചെയര്‍മാനായ കൊച്ചിന് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അറ്റകുറ്റപ്പണി സി.എസ്.എം.എല്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ കത്ത് നല്‍കിയിരുന്നു. ഫോര്‍ട്ട്കൊച്ചി പൈതൃകനഗര നവീകരണ പദ്ധതിയിൽ ഫോര്‍ട്ട് വൈപ്പിനെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ശുചിമുറി സമുച്ചയം, ഫീഡിങ് റൂം, റോ റോ, യാത്രക്കാര്‍ക്ക് ഇരിപ്പടം എന്നിവയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഫോര്‍ട്ട് വൈപ്പിന്‍ നവീകരണത്തിന് പദ്ധതിയൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നാണ് സി.എസ്.എം.എല്‍ പറയുന്നത്. വിവരാവകാശ നിയമമനുസരിച്ച് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ നല്കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍. അറ്റകുറ്റപ്പണിക്കായി ഉയരുന്ന മുറവിളി കൊച്ചി കോര്‍പറേഷനും സി.എസ്.എം.എല്ലും അവഗണിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.