പുതുവൈപ്പിലെ വാതക ചോർച്ച: കലക്ടർ വിളിച്ച യോഗം ഇന്ന്
text_fieldsവൈപ്പിൻ: പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിലെ എൽ.പി.ജി ഇറക്കുമതി ടെർമിനലിന് സമീപം വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലിൽ മൂന്നുപേരും വിമുക്തി നേടി.
പ്രദേശത്ത് രൂക്ഷ ഗന്ധം വ്യാപിക്കാൻ സാഹചര്യമായ പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടർ വെള്ളിയാഴ്ച ഉച്ചക്ക് 12ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്.
എന്നാൽ, തങ്ങളുടെ സ്ഥാപനത്തിൽ ഹാനികരമായ വാതക ചോർച്ച ഉണ്ടായിട്ടില്ലെന്നും പൂർണമായും സീൽ ചെയ്ത രീതിയിലാണ് എഥൈൽ മെർകാപ്ടന്റെ റസീപ്റ്റ്, അൺലോഡിങ്, സംഭരണം എന്നിവ നടക്കുന്നതെന്നും പ്രക്രിയക്കിടയിൽ ഒരുഘട്ടത്തിലും എഥൈൽ മെർകാപ്ടന്റെ ചോർച്ച ഉണ്ടായിട്ടില്ലെന്നും ഐ.ഒ.സി ചീഫ് ജനറൽ മാനേജർ വി. വെട്രിസെൽവകുമാർ പ്രസ്താവനയിൽ വ്യക്തമാക്കി. ആവശ്യമായ എല്ലാ മുൻകരുതലും സഹിതമാണ് അൺലോഡിങ്ങും സംഭരണവും പൂർത്തിയാക്കിയത്. ടെർമിനലിൽ വെച്ച് എഥൈൽ മെർകാപ്ടൻ എൽ.പി.ജിയിൽ കലർത്തിയിരുന്നില്ലെന്നും തങ്ങളുടെ ജീവനക്കാർ ഉൾപ്പെടെ 100ഓളം പേർ ടെർമിനലിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
സാധാരണഗതിയിൽ എൽ.എൻ.ജിയിൽ ഇത്തരം പ്രവൃത്തികൾ നടക്കുമ്പോൾ പഞ്ചായത്തിന് മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ, വെള്ളിയാഴ്ചയുണ്ടായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പ്രവർത്തനം അനുവദിക്കില്ലെന്ന് സമരസമിതി
കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റിൽ ബുധനാഴ്ച വിഷവാതക ചോർച്ചയുണ്ടായ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കണമെന്ന് പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്ലാന്റ് സംബന്ധിച്ച് തങ്ങളുന്നയിച്ച ആശങ്കകൾ യാഥാർഥ്യമാകുകയാണ്.
ഒരു സമയം 15,450 ടൺ സ്ഫോടകശേഷിയുള്ള വിഷവാതകങ്ങൾ സംഭരിച്ച് കൈകാര്യം ചെയ്യുന്ന സംഭരണി സ്ഥാപിച്ചിരിക്കുന്നത് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ലംഘിച്ചാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ പ്ലാന്റിന്റെ പാരിസ്ഥിതിക അനുമതി 2020 ജൂലൈ നാലിന് കാലഹരണപ്പെട്ടിട്ടുണ്ട്. ഇത് പുതുക്കിയിട്ടുമില്ല.
വാതക ചോർച്ചയിൽ നിരവധി പേർക്കാണ് ഛർദിയും ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. നാലുപേർ ചികിത്സയിലാണ്. എന്നാൽ, ചോർച്ചയുണ്ടായതായി ഐ.ഒ.സി സമ്മതിക്കുന്നില്ല. ജനങ്ങൾ പരിഭ്രാന്തിയിലായിട്ടും സ്ഥലം എം.എൽ.എയോ എം.പിയോ എത്തിയില്ലെന്നും സമരസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഐ.ഒ.സി പ്ലാൻറ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സമരസമിതി ചെയർമാൻ എം.ബി. ജയഘോഷ്, കൺവീനർ കെ.എസ്. മുരളി, കമ്മിറ്റി അംഗം സി.ജി. ബിജു എന്നിവർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.