കണ്ടൽക്കാടിന്റെ കാവൽക്കാരൻ
text_fieldsവൈപ്പിൻ: വൈപ്പിൻ ദ്വീപിലെ കടൽ ക്ഷോഭവും വെള്ളപ്പൊക്കവും പ്രകൃതി സൗഹൃദമായി നേരിടുന്ന ഒറ്റയാൾ പോരാട്ടത്തിന്റെ പേരാണ് ടി.പി. മുരുകേശൻ. വംശനാശത്തിന്റെ വക്കിലായ കണ്ടൽ ചെടികളെ പരിപോഷിപ്പിക്കാൻ ഈ 57കാരൻ നടത്തുന്ന ചെറുത്ത് നിൽപ് അനിതര സാധാരണമാണ്. ചെറുപ്പം മുതൽ ചതുപ്പു നിലങ്ങളുടെ സംരക്ഷണത്തിനായി ഇദ്ദേഹം കണ്ടൽ നട്ടുപിടിപ്പിച്ചിരുന്നു.
വള്ളത്തിൽ സഞ്ചരിച്ചു പോയി ഒരു ലക്ഷത്തോളം കണ്ടൽ തൈകളാണ് ഇദ്ദേഹം കൊച്ചി കായലിൽ നിക്ഷേപിച്ചത്. അതിനായി 2014ൽ മാലിപ്പുറത്ത് കണ്ടൽ നഴ്സറി സ്ഥാപിച്ചു. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ സഹായത്തോടെയാണ് നഴ്സറി സ്ഥാപിച്ചതും ജില്ലയിലെ തീരപ്രദേശങ്ങളിൽ ഇവ നട്ടു പിടിപ്പിക്കുന്നതും. സ്കൂളുകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും തൈകൾ നൽകുകയും അത് നട്ടുപിടിപ്പിക്കുന്നതിന് വേണ്ട നിർദേശങ്ങൾ കൈമാറുകയും ചെയ്യുന്നു.
മത്സ്യത്തൊഴിലാളിയായ ടി.പി. മുരുകേശൻ മത്സ്യ ബന്ധനഭാഗമായി വിവിധ തീരപ്രദേശങ്ങളിൽ എത്തിപ്പെട്ടതോടെയാണ് ഒരോ ദിവസവും നശിച്ചുകൊണ്ടിരിക്കുന്ന കണ്ടൽ ചെടികളുടെ വ്യാപ്തി തിരിച്ചറിയുന്നതും ഇത്തരത്തിൽ ഒരു ചെറുത്ത് നിൽപ്പിലേക്ക് നീങ്ങുന്നതും.
ഇന്ന് വൈപ്പിനിലെ വിവിധ തീരപ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്ന കണ്ടൽ ചെടികൾ ഈ മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.