കൊറോണയോട് ഗോ പറഞ്ഞു; ഹോം ഡെലിവറി ഹിറ്റ്
text_fieldsവൈപ്പിൻ: കൊറോണക്കാലത്ത് ജോലി തുടരാനാകാതെ പുത്തൻ ബിസിനസ് ആശയങ്ങൾക്കൊപ്പം ജീവിതം കരക്കെത്തിച്ചവർ ഒരുപാടുണ്ട് നാട്ടിൽ. അങ്ങനെ പ്രതിസന്ധികളെ അവസരമാക്കിയ രണ്ട് സഹോദരിമാരാണ് വൈപ്പിൻ മഞ്ഞനക്കാട് സ്വദേശികളായ മരിയ മിനുവും ജെനീഫർ നീനുവും. കോവിഡ് മഹാമാരിയിൽ പിതാവ് റോയ് സുന്ദറിെൻറ പലചരക്കുകടയിൽ കച്ചവടം കുറഞ്ഞപ്പോഴാണ് ഉപഭോക്താക്കളും സാധനങ്ങളും ഫോണും ഉണ്ടെങ്കിൽ കച്ചവടം ഈസിയായി നടക്കുമെന്ന് മക്കൾ പിതാവിന് കാണിച്ചുകൊടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ വീടിനോട് ചേർന്ന ചെറുപ്രദേശത്ത് തുടങ്ങിയ ഹോം ഡെലിവറി ദിവസങ്ങൾക്കുള്ളിൽ ഹിറ്റായി.
കസ്റ്റമറുടെ ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങൾ പിതാവ് റോയ് സുന്ദറും അമ്മ റോസ്ലിയും പാക്ക് ചെയ്തു നൽകും. അത് കോവിഡ് മാനദണ്ഡം അനുസരിച്ച് വീടുകളിൽ അരമണിക്കൂറിനുള്ളിൽ എത്തിച്ചുനൽകും. കോവിഡ് പ്രതിസന്ധിയിൽ പുറത്തിറങ്ങാൻ മടിച്ചിരുന്ന കാലത്തെ സംരംഭ ആശയം നാട് ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിൽപനക്കുള്ള സാധനങ്ങളുടെ വിവരം പ്രചരിപ്പിക്കുന്നത്. വാട്സ്ആപ് മെസേജിലൂടെയും ഫോണ്കാളിലൂടെയും ഓര്‍ഡറുകള്‍ സ്വീകരിക്കും.
ഇവരുടെ കടയിൽ സ്റ്റോക്കില്ലാത്ത സാധനങ്ങൾ മറ്റുകടയിൽനിന്ന് വാങ്ങിയാണെങ്കിലും എത്തിച്ചുനൽകും. അതാണ് വിജയതന്ത്രമെന്ന് ഇവർ പറയുന്നു. ഞാറക്കൽ ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥിയാണ് മരിയ മീനു. ജെനീഫർ ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. അധ്യാപകരും സുഹൃത്തുക്കളും പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.