കണ്ണു തുറന്നു കാണു; ഈ തെങ്ങിൻ തോപ്പിലെ ആറ്റക്കിളിക്കൂട്
text_fieldsവൈപ്പിൻ: വീട്ടുവളപ്പിലെ തെങ്ങിൻ തോപ്പിൽ കൂടുകൂട്ടിയ ആറ്റക്കുരുവികൾ കൗതുക കാഴ്ചയായി. ബയാവീവർ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആറ്റക്കിളികളുടെ അമ്പതോളം കൂടുകളാണ് പള്ളത്താം കുളങ്ങരയിലെ അനിലിന്റെ വീടിനോട് ചേർന്ന തെങ്ങിൻ തോപ്പിലുള്ളത്.
പണി പൂർത്തിയായവയാണ് ഏറെയും. ഏപ്രിൽ അവസാനത്തോടെ പക്ഷികൾ കൂട്ടമായി ഇവിടേക്ക് മുട്ടായിടാനായി എത്താറുണ്ടെന്ന് അനിൽ പറയുന്നു. കൊയ്‌ത്തൊഴിഞ്ഞ പാടത്തെ നെല്ലോലകളും പുൽനാമ്പുകളും ചീകിയെടുത്ത് തേങ്ങോലകളിൽ മനോഹരമായാണ് കൂടൊരുക്കുന്നത്.
അങ്ങാടി കുരുവികളോട് സാദൃശ്യമുള്ള പക്ഷി വയലുകളോട് ചേർന്നുള്ള ഉയരമുള്ള മരങ്ങളിൽ നീളവും ഉറപ്പും ഏറിയ കൂടുകളാണ് നെയ്തെടുക്കാറ്. കൂട്ടമായി ജീവിക്കാനിഷ്ടപ്പെടുന്ന ഇവ ഇണകളെ കണ്ടെത്തുന്നതും, കൂടൊരുക്കുന്നതും കൂട്ടമായി തന്നെയാണെന്ന് ഫോട്ടോഗ്രാഫർ കൂടിയായ അനിൽ പറയുന്നു. പ്രജനന കാലത്തൊഴിച്ചാൽ ഇവയിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസം കാണില്ല. ആൺകുരുവികളാണ് കൂടൊരുക്കി തുടങ്ങുന്നത്. പകുതി പൂർത്തിയായാൽ പെൺകിളിയും നിർമാണത്തിൽ പങ്കാളിയാകും. പിന്നീട് ഇഷ്ടമുള്ള കൂട്ടിൽ പെൺകുരുവി കയറും. മഴക്കാലമാണ് ഇവയുടെ പ്രജനന കാലം. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങളും കൂടൊരുക്കാനായാൽ സെപ്റ്റംബറോടെ ഇവ പറന്നു പോകും. കാക്കയും പരുന്തുമാണ് ശത്രുക്കൾ. ആറ്റകിളികളെ കൂടാതെ ചൂളൻ, എരണ്ട, നീല കോഴി, നെല്ലി കോഴി തുടങ്ങിയ ദേശാടനകിളികളും ഇവിടെ സ്ഥിരം സന്ദർശകരാണ്. ശാന്തമായ പ്രകൃതിയും, പാടവും, തോടുമാണ് പ്രധാനമായും പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നതെന്ന് അനിൽ പറയുന്നു. നിരവധി പേരാണ് കൗതുക കാഴ്ച കാണാനും കാമറയിൽ പകർത്താനുമായി ഇവിടേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.