വീട്ടമ്മമാരും കുട്ടികളും അഭിനേതാക്കളായി പ്രമേയം കൊണ്ടും അവതരണംകൊണ്ടും വേറിട്ടതായി ‘കുലം’ നാടകം
text_fieldsപെരുമ്പാവൂര്‍: ഒരു കൂട്ടം വീട്ടമ്മമാരും അവരുടെ കുട്ടികളും ഒത്തുചേര്‍ന്നപ്പോള്‍ പിറവിയെടുത്ത നെല്ലിമോളം മമത ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്റെ ‘കുലം’ എന്ന നാടകം രണ്ട് അവതരണങ്ങള്‍ കഴിഞ്ഞതോടെ ചര്‍ച്ചയാകുന്നു.
ദിവസക്കൂലിയിലെ സ്ത്രീപുരുഷ തുല്യതയും അറിവില്ലായ്മ മൂലമുള്ള തൊഴില്‍ ചൂഷണവുമാണ് പ്രമേയം. മലയോര മേഖലയില്‍ തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്ന സാധാരണ തൊഴിലാളികളുടെ ജീവിതവും കുഞ്ഞിക്കണ്ണന് എന്ന കൂലിപ്പണിക്കാരന് ചോലക്കാട്ടപ്പന് എന്ന ദൈവിക ശക്തിയില്‍ കൂലിക്കുവേണ്ടി പ്രതിരോധത്തിന് ഒരുങ്ങുമ്പോള്‍ തൊഴിലുടമ വെടിവെച്ചു വീഴ്ത്തുന്നതും, കുഞ്ഞിക്കണ്ണന്റെ കൊലപാതകത്തില്‍ രോഷാകുലരായ സ്ത്രീ തൊഴിലാളികള്‍ തൊഴിലുടമയെ വധിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. വീട്ടമ്മമാരും കുട്ടികളില്‍ ഭൂരിഭാഗവും ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നവരാണ്. അഞ്ച് വീട്ടമ്മമാരും അവരുടെ മക്കള്‍ അടക്കം ഏഴ് കുട്ടികളുമാണ് വേഷമിട്ടിരിക്കുന്നത്.
അഭിനയ പരിചയമുള്ള ആറ് പുരുഷന്മാര് വേഷങ്ങള്‍ മികച്ചതാക്കി. വി.ടി. രതീഷാണ് രചനയും സംവിധാനവും. പി.എസ്. സുഭാഷ്, നവീന്‍ കര്‍ത്ത, കെ.എ. മോഹനന്, എബി വര്‍ഗീസ്, ടി.ആര്. ജയന്, സന്ദീപ്, രമ ശശീന്ദ്രന്, രജനി കൃഷ്ണകുമാര്‍, മായ സന്ദീപ്, മായ രതീഷ്, രേഖ സുഭാഷ്, സഞ്ജയ് സന്ദീപ്, പി.എസ്. മഹാദേവന്, കെ.എസ്. കനി, ഗൗരി കൃഷ്ണ, അനാമിക സന്ദീപ്, അക്ഷര കൃഷ്ണകുമാര്‍, അനന്തീക സന്ദീപ് എന്നിവരാണ് അഭിനേതാക്കള്‍. ഗൗരി ശങ്കറാണ് സംഗീത നിയന്ത്രണം. പ്രകാശനിയന്ത്രണം നിര്‍വഹിച്ചിരിക്കുന്നത് യദുകൃഷ്ണന് കെ. ബിനീഷ്, വിമല്‍ വേണുഗോപാല്‍ എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.