ഒഴുകിനടക്കാം തിരമാലകൾക്കൊപ്പം; കുഴിപ്പിള്ളിയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുങ്ങുന്നു
text_fieldsവൈപ്പിൻ: കടലിലേക്ക് ഇറങ്ങിച്ചെന്ന് തിരമാലകളും കടലനക്കവും ആസ്വദിക്കാൻ കഴിയുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് കുഴിപ്പിള്ളി ബീച്ചിൽ ഒരുങ്ങുന്നു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കുന്നത്. ഒമ്പത് ജില്ലകളിൽ ഇത്തരത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ ആദ്യത്തേതാണ് കുഴുപ്പിള്ളിയിലേത്.
തീരത്തുനിന്ന് 100 മീറ്ററോളം നീളത്തിൽ കടലിലേക്ക് മൂന്ന് മീറ്റർ വീതിയിലായിരിക്കും പാലത്തിന്റെ രൂപത്തിൽ ഈ സംവിധാനം ഒരുക്കുക. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കട്ടിയേറിയ പോളി എത്തി ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമാണം. ആയിരത്തോളം ബ്ലോക്കുകൾ ഇതിനായി വേണ്ടിവരും എന്നാണ് കണക്ക്. ഒരേസമയം 50ഓളം പേർക്ക് ഈ പാലത്തിൽ കയറി തിരമാലകൾ ആസ്വദിക്കാം. ലൈഫ് ജാക്കറ്റുകൾ ധരിച്ചുമാത്രം പ്രവേശിക്കാവുന്ന പാലത്തിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡുമാരും ഉണ്ടാകും.
1.2 കോടി ചെലവിലാണ് കടൽപ്പാലം ഒരുക്കുന്നത്. ബേപ്പൂർ, മുഴുപ്പിലങ്ങാടി, ബേക്കൽ, താനൂർ, ചാവക്കാട് എന്നിവിടങ്ങളിൽ നിലവിൽ ഇത്തരം സംവിധാനമുണ്ട്. വൈകാതെ ആലപ്പുഴ തങ്കശ്ശേരി കോവളം എന്നിവിടങ്ങളിലും സജ്ജമാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മുംബൈയെ കേന്ദ്രീകരിച്ചുള്ള ഏജൻസിക്കായിരിക്കും നടത്തിപ്പ് ചുമതല. നടപ്പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്. ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണ രീതി നേരിൽക്കാണാനായി നിരവധിപേരാണ് കുഴിപ്പിള്ളി ബീച്ചിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.