പുറത്തിറങ്ങിയാൽ കൊത്തും; പരുന്തിനെ പേടിച്ച് വീട്ടിനുള്ളിൽ കുടുങ്ങി അമ്മയും മകളും
text_fieldsവൈപ്പിൻ: പരുന്തിനെ പേടിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ് നായരമ്പലത്ത് ഒരമ്മയും മകളും. പുറത്തിറങ്ങുമ്പോൾ പതിവായി ആക്രമിക്കുന്ന കൃഷ്ണപ്പരുന്തിനെ പേടിച്ച് ഒരാഴ്ചയിലേറെയായാണ് നായരമ്പലം കൊച്ചുവീട്ടിൽ ചുള്ളിപറമ്പിൽ ഓമനയും മകൾ സോനയും വാതിലടച്ച് അകത്തിരുന്നത്.
വീടിനുപുറത്തെ ശൗചാലയത്തിൽ പോകാൻപോലും സാധിക്കുന്നില്ല. നഗരത്തിൽ ഒരു വക്കീൽ ഓഫിസിൽ ജോലി ചെയ്യുന്ന ഓമന പരുന്തിനെ പേടിച്ച് നേരം പുലരും മുമ്പേ ഒളിച്ചുപാത്താണ് ജോലിക്ക് പോകുന്നത്. തിരിച്ചെത്തുമ്പോൾ നേരം ഇരുട്ടാൻ റോഡിൽ കാത്തുനിൽക്കും. ഇടക്ക് പരുന്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ വീണ് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ ഭർത്താവ് ശശാങ്കൻ 17 വർഷം മുമ്പ് മരിച്ചതാണ്. ഇളയ മകൾ സോന വിദ്യാർഥിനിയും. മാസങ്ങൾക്കുമുമ്പ് വിവാഹം കഴിഞ്ഞ മൂത്ത മകൾ സോണക്ക് പരുന്തുപേടി കാരണം ഒറ്റ തവണ മാത്രമേ വീട്ടിലേക്ക് വരാൻ സാധിച്ചുള്ളൂ.
ഈ വീട്ടിലുള്ളവരെ മാത്രമേ പരുന്ത് ആക്രമിക്കുന്നുള്ളൂ. എന്നാൽ, പരുന്തിനെ ഉപദ്രവിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. പ്രദേശത്ത് വേറെയും ധാരാളം പരുന്തുകളുണ്ട്. ശല്യം സഹിക്ക വയ്യാതായതോടെ രണ്ടുമാസം മുമ്പ് വാർഡ് അംഗം കെ.വി. പ്രമോദിനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരുന്തിനെ കൂട്ടിലാക്കുകയും ചെയ്തു.
വാർഡ് അംഗത്തിന്റെ സുഹൃത്തുക്കളിലൊരാൾ ഇതിനെ വീട്ടിൽ കൊണ്ടുപോയെങ്കിലും പിറ്റേന്നുതന്നെ പരുന്ത് രക്ഷപ്പെട്ട് വീണ്ടും ഇവിടെ തിരിച്ചെത്തി. തുടർന്ന്, വനംവകുപ്പിന്റെ സഹായം തേടി. വനംവകുപ്പ് ഉദ്യോഗസ്ഥർ പരുന്തിനെ വലയിലാക്കി ഉൾവനത്തിൽ വിട്ടു. എന്നാൽ, രണ്ടുമാസം തികയും മുമ്പേ പരുന്ത് ഇങ്ങോട്ടുതന്നെ പറന്നെത്തി. വീണ്ടും വനം വകുപ്പിന്റെ സഹായം തേടിയെങ്കിലും തങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും കൊണ്ടുപോയാലും അത് തിരിച്ചു വരുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അവസാന വഴി എന്ന നിലക്ക് മാംസം മുറ്റത്തേക്ക് എറിഞ്ഞുനൽകി ഇണക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.