പുതുവത്സരാഘോഷം; ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിൽ ഗതാഗത നിയന്ത്രണം
text_fieldsവൈപ്പിൻ: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലെ ജനത്തിരക്ക് പരിഗണിച്ച് മുനമ്പം പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽനിന്ന് ചെറായി ബീച്ച് റോഡിലൂടെ ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ചെറായി ബീച്ചിലെത്തി ഇടതുഭാഗത്തേക്ക് തിരിയുന്ന മറ്റു വാഹനങ്ങൾ റോഡിന്റെ ഇടതുഭാഗത്ത് സൗകര്യമുള്ള ഇടങ്ങളിൽ മാത്രം പാർക്ക് ചെയ്യണം.
മടങ്ങിപ്പോകുമ്പോൾ മുന്നോട്ടു മാത്രം സഞ്ചരിച്ച് രക്തേശ്വരി ബീച്ച് റോഡ്, കുഴുപ്പിള്ളി -പള്ളത്താംകുളങ്ങര ബീച്ച് റോഡ് എന്നിവിടങ്ങളിലൂടെ സംസ്ഥാനപാതയിലെത്തണം. പ്രധാന റോഡിൽനിന്ന് ബീച്ച് റോഡിലെ ബീച്ച് ജങ്ഷനിൽ എത്തി വടക്ക് ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾ റോഡിന്റെ ഇടതുഭാഗത്ത് സൗകര്യമുള്ളയിടത്ത് മാത്രം പാർക്ക് ചെയ്യണം.
തിരികെ പോകുമ്പോൾ മുന്നോട്ടു മാത്രം സഞ്ചരിച്ച് മുനമ്പം ബീച്ച് റോഡ് ഐ.ആർ വളവ് വഴി സംസ്ഥാനപാതയിൽ പ്രവേശിക്കണം. കരുത്തലയിൽനിന്ന് പടിഞ്ഞാറോട്ട് ബീച്ച് റോഡിലൂടെ വൺവേ ഗതാഗതം ആയിരിക്കും. ഈ വഴിയിലൂടെ പുറത്തേക്കുള്ള വാഹനഗതാഗതം അനുവദിക്കില്ല.
ചെറായി ബീച്ചിലെ ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ മുറികൾ ബുക്ക് ചെയ്തവർ മൂന്നിന് മുമ്പായി ചെക്ക് ഇൻ ചെയ്യണം. ബീച്ചിൽ മദ്യപാനം, ലഹരി ഉപയോഗം എന്നിവ കണ്ടെത്താൻ ഷാഡോ പൊലീസ് ഉണ്ടാകും.
പൊതുസ്ഥലങ്ങളിലും നിർത്തിയിട്ട വാഹനങ്ങളിലും അമിത ശബ്ദത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നത് നിരോധിച്ചു.
അനധികൃതമായി പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കി ചിലവ് വാഹന ഉടമകളിൽനിന്ന് ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.