വെള്ളപ്പൊക്കത്തിന് ശമനമില്ല; വൈപ്പിനില്‍ ജനം ദുരിതക്കെട്ടില്‍ തന്നെ
text_fieldsവൈപ്പിൻ: വേലിയേറ്റത്തിെൻറ ശക്തി കുറഞ്ഞെങ്കിലും വൈപ്പിന്‍ തീരങ്ങളില്‍ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തിന് ശമനമില്ല. തീരപ്രദേശത്തെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കയറിയ വെള്ളം ഒഴിഞ്ഞു പോയില്ല.
നായരമ്പലം ദേവീ വിലാസം സ്കൂളിലും എടവനക്കാട് ഗവണ്‍മെൻറ് യു.പി സ്കൂളിലും പുതിയ ക്യാമ്പുകള്‍ തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിൽനിന്ന് മാറാന്‍ ആളുകള്‍ ആദ്യം മടിച്ചെങ്കിലും ഗത്യന്തരമില്ലാതെ ക്യാമ്പുകളിലേക്ക് നീങ്ങി. ഞാറക്കല്‍ പഞ്ചായത്തില്‍ ഏതാനും കുടുംബങ്ങള്‍ ക്യാമ്പിലേക്കു മാറി. കെ.എന്‍ ഉണ്ണികൃഷണന് എം.എല്‍.എ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ ഉറപ്പുവരുത്തി.
വേലിയേറ്റം മൂലം വൈപ്പിന്‍ കരയില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു പഞ്ചായത്തുകളിലും തീരത്തോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്ക് നിലവില്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
ശുചിമുറികളും സെപ്റ്റിക് ടാങ്കുകളും വെള്ളത്തില്‍ മുങ്ങിയതാണ് മറ്റൊരു പ്രധാന പ്രശ്നം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. ഒപ്പം പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പലരുടെയും വീട്ടുവളപ്പിലെ കൃഷി നശിച്ചു. പശു, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. മത്സ്യ മേഖലയും ചെമ്മീന്‍കെട്ട് കൃഷിയും പ്രതിസന്ധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.