ചെറായി പെട്രോള്‍ പമ്പിലെ കവര്‍ച്ച: ദമ്പതികള്‍ പിടിയില്‍
text_fieldsവൈപ്പിന്‍: ചെറായി ദേവസ്വം നടയിലെ പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ. തൃശൂര്‍ പട്ടിക്കാട് ചെമ്പുത്ര പുഴക്കല്‍പറമ്പില്‍ വീട്ടില്‍ ജോസ്‌ന മാത്യു (22) ഇവരുടെ ഭര്‍ത്താവ് റിയാദ് (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് ചെറായി ജങ്ഷനിലെ രംഭ ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍നിന്ന് ഓഫിസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചത്.
അത്താണിയിലുള്ള ലോഡ്ജില്‍നിന്നുമാണ് മുനമ്പം പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിനുശേഷം രണ്ടുപേരും സംസ്ഥാനപാതയിലൂടെ നടന്നുപോകുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍നിന്ന് പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ വിശകലനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.പ്രതികള്‍ ഉപയോഗിച്ച മാരുതി കാറും കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവറും കണ്ടെടുത്തു.
ഒന്നാം പ്രതി റിയാദ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇരുപതിലധികം മോഷണക്കേസുകളില്‍ പ്രതിയാണ്. ആലങ്ങാട് ഭാഗത്തും തൃശൂരും കുന്നംകുളത്തും സമാനമായ രീതിയില്‍ പെട്രോള്‍ പമ്പ് കുത്തിത്തുറന്ന കേസുകൾക്ക് പിന്നിലും ഇവരാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അഞ്ച് സംഘമായി തിരിഞ്ഞുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടികൂടിയത്.
മുനമ്പം ഡിവൈ.എസ്.പി ടി.ആര്‍. രാജേഷ്, മുനമ്പം ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസ്, എസ്.ഐ അരുണ്‍ദേവ്, സുനില്‍കുമാര്‍, രാജീവ്, രതീഷ് ബാബു, ബിജു, എ.എസ്.ഐ സുനീഷ് ലാല്‍, സുരേഷ് ബാബു, സി.പി.ഒമാരായ ആസാദ്, അഭിലാഷ്, ജിനി, ലെനീഷ്, പ്രശാന്ത്, ശരത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.