ചെമ്മീൻ കെട്ടിലെ ചിറ പണി തടയൽ: ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്ന് പരാതി
text_fieldsനായരമ്പലം: ചെമ്മീൻ പാടത്ത് യന്ത്രസഹായത്തോടെ ചിറയുടെ പണി നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. വർഷം മുഴുവൻ മത്സ്യകൃഷി നടത്താൻ ലൈസൻസുള്ള വർഷക്കെട്ട് പൊക്കാളി പാടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലർ അധികൃതരെക്കൊണ്ട് ജോലികൾ നിർത്തിവെക്കുകയായിരുന്നെന്നാണ് ആക്ഷേപം.
ഇതുമായി ബന്ധപ്പെട്ട് കെട്ട് ഉടമ നൽകിയ പരാതിയിൽ സി.പി.ഐ പ്രാദേശിക നേതാവ് അടക്കം മൂന്നുപേർക്കെതിരെ ഞാറക്കൽ പൊലീസ് കേസെടുത്തു. നായരമ്പലം പഞ്ചായത്ത് പടിഞ്ഞാറുഭാഗത്തുള്ള ഏഴര എക്കറോളം വരുന്ന ചെമ്മീൻ കെട്ടിലെ ചിറ ബലപ്പെടുത്തുന്ന ജോലികൾ തടസ്സപ്പെടുത്തിയതിനെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പൊക്കാളി സംരക്ഷണത്തിന് രൂപവത്കരിച്ചിട്ടുള്ള സംഘടനയുടെ പേരിൽ അധികൃത പണപ്പിരിവ് നടത്താനുള്ള ശ്രമമാണ് ഉണ്ടായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ചിറ ബലപ്പെടുത്തുന്ന ജോലികൾക്കായി യന്ത്രം എത്തിച്ചതോടെ ഈ സംഘത്തിൽപെട്ട രണ്ടുപേർ തന്നെ സമീപിക്കുകയും ജോലികൾ നടത്തണമെങ്കിൽ 20,000 രൂപ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോലികൾ അടിയന്തരമായി നടത്തേണ്ടതിനാൽ താൻ അത് സമ്മതിക്കുകയായിരുന്നു.
എന്നാൽ, പിന്നീട് ഇടതുമുന്നണിയിലെ പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാവും തങ്ങൾക്ക് ഒപ്പമുണ്ടെന്നും അതിനാൽ തുക 30,000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടു.
ഈ നേതാവ് അടക്കം പിന്നീട് സ്ഥലത്തെത്തി ജോലികൾ നടത്താൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. വർഷക്കെട്ട് പൊക്കാളി പാടം അല്ലെന്നും ലൈസൻസുണ്ടെന്നും തെളിയിക്കുന്ന രേഖകൾ കെട്ടുടമ ഹാജരാക്കിയതിനെ തുടർന്ന് ഞാറക്കൽ പൊലീസ് ഇൻസ്പെക്ടർ ജോലികൾ തടസ്സപ്പെടുത്തരുതെന്ന് നിർദേശം നൽകുകയായിരുന്നു.
ചിറബലപ്പെടുത്തുന്നതിനായി അഞ്ചു ദിവസം യന്ത്രം ഉപയോഗിച്ച് ജോലികൾ നടത്താൻ വില്ലേജ് ഓഫിസർ അനുമതി നൽകിയിട്ടുണ്ടെങ്കിലും അതുപോലും ആരംഭിക്കാൻ കഴിയുന്നില്ലെന്ന് കെട്ടുടമ പറയുന്നു. ജോലികൾക്ക് ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോടതിയെ സമീപിച്ച് നിയമനടപടികൾ സ്വീകരിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.