എൻജിൻ നിലച്ചു; റോ റോ നിയന്ത്രണംവിട്ട് ഒഴുകി
text_fieldsവൈപ്പിൻ: വൈപ്പിൻ-ഫോർട്ട്കൊച്ചി റോ റോ സർവിസിലെ സേതു സാഗർ രണ്ട് എൻജിൻ തകരാറിലായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് ഒഴുകി. ഉടൻ ജങ്കാർ കരയിലെത്തിച്ച് തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എൻജിനിലേക്ക് വെള്ളം കയറുന്നതാണ് തകരാറിന് കാരണമായി പറയുന്നത്. തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുക്കും.
റോ റോ സർവിസ് അടിക്കടി നിലക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. രാവിലെയും വൈകീട്ടും മറുകര പറ്റാന്‍ വാഹനങ്ങളും യാത്രക്കാരും ജങ്കാര്‍ ജെട്ടികളില്‍ മണിക്കൂറുകളോളമാണ് കാത്തുകിടക്കുന്നത്.
ഇതിനിടയിൽ ഒരു റോ റോ മാത്രം സർവിസ് നടത്തുന്നത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഞായറാഴ്ച ജങ്കാറിൽനിന്ന് കായലിലേക്ക് വീണ സ്കൂട്ടർ കണ്ടെടുക്കാൻ തിരച്ചിൽ നടത്തിയതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്കൂറോളം സർവിസ് നിർത്തിവെച്ചിരുന്നു. ജങ്കാറിൽ കയറ്റുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ കായലിൽ വീണത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരുകയായിരുന്ന ജങ്കാറിലേക്ക് സ്കൂട്ടർ കയറ്റുമ്പോൾ, ഒഴുക്കിൽ ജങ്കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. ഉടൻ സ്കൂട്ടർ കായലിലേക്ക് വീണു. ഈ സമയത്തുതന്നെ സ്കൂട്ടർ യാത്രികൻ ജെട്ടിയിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു.
വൈപ്പിൻ ജെട്ടിയിൽ ബോട്ട് അടുപ്പിക്കുന്നതിന് പുതിയ ജെട്ടി പണിയുന്നതുവരെ വൈപ്പിൻ എറണാകുളം കിൻകോ ബോട്ടുകൾ നേരത്തേ അടുപ്പിച്ചിരുന്ന ജെട്ടിയിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് സർവിസ് നടത്തണമെന്ന് വൈപ്പിൻ ഫോർട്ട്കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ജെട്ടി ഇപ്പോൾ ഫിഷറീസ് വകുപ്പ് കൈയടക്കിവെച്ചിരിക്കുകയാണ്.
കുണ്ടന്നൂർ പാലം താൽക്കാലികമായി അടച്ചതും പലപ്പോഴും ഒരു റോ റോ മാത്രം സർവിസ് നടത്തുന്നതും കാരണം വൻ തിരക്കാണ്. ബോട്ട് സർവിസുണ്ടെങ്കിൽ കുറെ യാത്രക്കാരെ ബോട്ടുവഴി തിരിച്ചുവിടാനാകുമെന്നും അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ചമ്മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.