വൃശ്ചികവേലിയേറ്റം രൂക്ഷം; താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി
text_fieldsവൈപ്പിൻ: വൃശ്ചിക വേലിയേറ്റ വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളാണ് വെള്ളം കയറിയിട്ടുള്ളത്. നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് കണ്ണുപിള്ള കെട്ടിന് ഓരങ്ങളിലെ വീടുകളിലും എസ്.എച്ച് റോഡ്, നായരമ്പലം പുത്തൻ കടപ്പുറം 12ാം വാർഡിലെ വീടുകളിലുമാണ് വലിയ തോതിൽ വെള്ളം കയറിയത്.
എല്ലാ കൊല്ലവും വൃശ്ചിക വേലിയേറ്റത്തിൽ വെള്ളത്തിലാവുന്ന വീടുകളിൽത്തന്നെയാണ് ഇക്കുറിയും വെള്ളം കയറിയത്. കടൽകയറ്റവും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ നായരമ്പലം പുത്തൻ കടപ്പുറത്ത് കടൽവെള്ളം കരയിലെത്തി തീരദേശറോഡ് മണ്ണിൽ മൂടി. പ്രദേശത്തെ നിരവധി വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടുദിവസം കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിൽ ഏറെ ഭയപ്പാടോടെയാണ് തീരദേശവാസികൾ കഴിയുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഓരോ വേലിയേറ്റത്തിലും രൂക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വൃശ്ചികവേലിയേറ്റം മുൻ വർഷങ്ങളേക്കാൾ ശക്തിപ്പെട്ട് വരികയാണ്. ഞായറാഴ്ച വാവ് അടുക്കുന്നതോടെ സ്ഥിതി രൂക്ഷമാകാനുള്ള സാധ്യതയാണ് തീരവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്. വാർഡ് അംഗം സി.സി. സിജിയും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കടലേറ്റം എന്ന നിലയിൽ ജില്ല ഭരണകൂടം ജാഗ്രത ആവശ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ പഞ്ചായത്തും റവന്യു അധികൃതരും സജ്ജമാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.