എടവനക്കാട്, ഞാറക്കൽ തീരങ്ങളിൽ കടൽ ക്ഷോഭം
text_fieldsവൈപ്പിൻ: ചൊവ്വാഴ്ച അർധരാത്രിമുതൽ ഉണ്ടായ കാറ്റിനെ തുടർന്ന് ഞാറക്കൽ, എടവനക്കാട് തീരങ്ങളിൽ കടൽ കയറ്റം രൂക്ഷമായി. എടവനക്കാട് പഴങ്ങാട് 28 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പെട്ടെന്നുണ്ടായ കടൽ കയറ്റത്തിൽ നിരവധി വീടുകൾ ഒറ്റപ്പെട്ടു. ബുധനാഴ്ച രാവിലെ തുടങ്ങിയ കടൽ ക്ഷോഭം വൈകിട്ട് വരെ നീണ്ടു. വാഹനങ്ങൾക്കോ ആളുകൾക്കോ പ്രദേശത്തേക്ക് എത്താൻ കഴിയാത്ത സ്ഥിതിയായി. റോഡുകളിൽ വെള്ളം കയറി പുതിയ തോടുകൾ രൂപപ്പെട്ടു. വീട്ടിൽ നിന്നും ആളുകൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. എടവനക്കാട് വില്ലേജ് ഓഫീസർ പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ജിയോ ബാഗുകൾ സ്ഥാപിച്ച് താൽക്കാലിക പരിഹാരം കണ്ടെത്താൻ ശ്രമം നടന്നെങ്കിലും ഫലപ്രദമായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇലക്ട്രിക് ലൈനുകൾ പലതും മരക്കൊമ്പിലും മറ്റുമാണ് കെട്ടിവെച്ചിരിക്കുന്നത്. അതൊക്കെ ഒരു ഭാഗത്തുകൂടി ഒടിഞ്ഞു വീഴുന്നുണ്ട്. കടൽ ഭിത്തിയുടെ കല്ലുകൾ ഇടിഞ്ഞ് തകർന്നതോടെയാണ് കടൽ വെള്ളം ശക്തിയായി കരയിലേക്ക് ഇരച്ചുകയറുന്നത്. തീരപ്രദശം സന്ദർശിക്കുന്ന ജനപ്രതിനിധികൾ തീരസംരക്ഷണത്തിന് കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പാസ്സായെന്നും ടെൻഡറായെന്നും അനുമതിക്ക് സമർപ്പിച്ചെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും എന്ന് നടപ്പാകും എന്നാണ് തീരവാസികൾ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.