നായരമ്പലത്തും എടവനക്കാട്ടും കടൽക്ഷോഭം
text_fieldsവൈപ്പിന്‍: വ്യാഴാഴ്ചയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ നായരമ്പലം വെളിയത്താംപറമ്പ് പ്രദേശം വെള്ളത്തില്‍ മുങ്ങി. വെളിയത്താംപറമ്പ് പള്ളിക്കു വടക്കുവശം സ്ഥാപിച്ച മണ്‍വാടയും ജിയോബാഗും തകര്‍ന്നു. കടല്‍വെള്ളം കരയിലേക്ക് ഇരച്ചുകയറി. വീടുകളിലേക്കും റോഡുകളിലേക്കും വെള്ളമെത്തി. 2021ലെ ടൗട്ടേ ചുഴലിക്കാറ്റിനു ശേഷം സ്ഥാപിച്ച ജിയോബാഗാണ് തകര്‍ന്നത്.
മണല്‍വാട ബലക്ഷയം മൂലം അടുത്ത് ബലപ്പെടുത്തിയിരുന്നു. കടല്‍ഭിത്തി തീരെയില്ലാത്ത പ്രദേശമാണ് വെളിയത്താംപറമ്പ്. ഇവിടെ പ്രദേശവാസികള്‍ ദിവസങ്ങളായി ഭീതിയിലാണ്. സ്കൂളും ഷണ്‍മുഖ വിലാസം അമ്പലവും സ്ഥിതിചെയ്യുന്ന പ്രദേശത്തെ മണല്‍വാട തകര്‍ന്ന് വെള്ളം അമ്പലത്തിനുള്ളിലേക്ക് കയറി. സമീപത്തായാണ് സ്കൂളും സ്ഥിതി ചെയ്യുന്നത്. അധ്യാപകരും കുട്ടികളുമടക്കം ഭയാശങ്കയിലാണ്.
പള്ളിക്കടവ് ബീച്ച് കടവും പൂര്‍ണമായും ഇല്ലാത്ത സ്ഥിതിയാണ്. മണ്ണ് കരയിലേക്ക് അടിച്ചുകയറി റോഡ് സഞ്ചാരയോഗ്യമല്ലാതായി. വരുംദിവസങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകുമോ എന്ന ഭീതിയിലാണ് തീരദേശവാസികള്‍. കടല്‍ഭിത്തി ഒട്ടുമില്ലാത്ത പ്രദേശങ്ങളിലെ ആളുകളാണ് ഏറെ ഭീതിയില്‍ കഴിയുന്നത്. രാത്രി കടല്‍ക്ഷോഭം കൂടാൻ സാധ്യതയുള്ളതിനാൽ ജീവൻ അപകടത്തിലാകുമോ എന്ന ആശങ്കയിലാണ് ഇവർ. ക്യാമ്പുകളിലേക്ക് പേകാൻ ആളുകൾ താല്‍പര്യപ്പെടാത്ത സാഹചര്യമാണുള്ളത്.
വിഷയം വില്ലേജ്തലത്തിലും കലക്ടര്‍ അടക്കം ഉന്നത അധികാര കേന്ദ്രങ്ങളിലും അറിയിച്ചിട്ടുണ്ടെന്ന് വാര്‍ഡ് അംഗം സിജി പറഞ്ഞു. പുലിമുട്ടും കടല്‍ഭിത്തിയും സ്ഥാപിച്ചാല്‍ മാത്രമേ മനസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിയൂ. മേല്‍നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.
എടവനക്കാട് അണിയില്‍, പഴങ്ങാട്, മേഖലയിലും കടല്‍വെള്ളം കരയിലേക്ക് ഇരച്ചുകയറി. പഴങ്ങാട് കൂട്ടുങ്കല്‍ചിറ ഭാഗത്താണ് സ്ഥിതി രൂക്ഷം. ഇവിടെയും മണല്‍വാട തകര്‍ന്ന നിലയിലാണ്. കാലവര്‍ഷം കനക്കുന്നതോടെ പ്രദേശത്ത് വ്യാപകമായ കടലേറ്റമുണ്ടാകുമെന്ന് തീരദേശവാസികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.