കാവൽ ബോട്ട് വിശ്രമത്തിലാണ്; 'പ്രത്യാശ'യറ്റ് കടലിന്റെ മക്കൾ
text_fieldsവൈപ്പിൻ: കടലിെൻറ മക്കളുടെ കൈക്കരുത്തിന് താങ്ങായും അവരുടെ രക്ഷാദൗത്യങ്ങൾക്ക് കരുതലായും ഫിഷറീസ് വകുപ്പ് നീറ്റിലിറക്കിയ പ്രത്യാശ മറൈൻ ആംബുലൻസ് 'അലങ്കാര വസ്തുവായി' നിലനിൽക്കുന്നു. അപകട സമയങ്ങളില്‍ മറ്റു മത്സ്യബന്ധന ബോട്ടുകളാണ് ഇന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്രയം. ആപത്ഘട്ടങ്ങളിൽ സർവ സന്നാഹങ്ങളോടെയും രക്ഷക്കെത്തുമെന്ന് കരുതിയ മറൈൻ ആംബുലൻസ് ഇപ്പോൾ മുന്‍കൂട്ടി തീരുമാനിക്കുന്ന പട്രോളിങ്ങിനായി മാത്രമാണ് സര്‍വിസ് നടത്തുന്നത്.
സൗകര്യങ്ങൾ ഏറെയുണ്ട്; പ്രയോജനമില്ല
കൊച്ചി കപ്പല്‍ശാലയില്‍ 6.08 കോടി രൂപ ചെലവില്‍ രാജകീയ പ്രൗഢിയോടെ നിര്‍മിച്ച മറൈന്‍ ആംബുലന്‍സ് ഒരു വര്‍ഷം മുമ്പാണ് ഫിഷറീസ് വകുപ്പ് വൈപ്പിനിലേക്ക് നല്‍കിയത്. എൻജിൻ ഡ്രൈവർ (മാസ്റ്റർ) ബോട്ട് എൻജിനീയർ, ലൈഫ് ഗാർഡുമാർ, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിങ്ങനെ അഞ്ച് സ്ഥിരം ജീവനക്കാർ അടക്കം ഒമ്പത് പേരാണ് കടൽ ആംബുലൻസിലുള്ളത്. അപകടവേളകളിൽ ഒരേ സമയം ആറ് പേരെ രക്ഷിച്ച് കരയിൽ എത്തിക്കാനാകുന്ന ബോട്ടിൽ ഓക്സിജൻ സിലിണ്ടറും മെഡിക്കൽ സൗകര്യങ്ങളും ഒരു മോർച്ചറിയും സജ്ജമാണ്. 23 മീറ്റർ നീളവും 5.6 മീറ്റർ വീതിയുമുള്ള മറൈൻ ആംബുലൻസ് 700 ഹോഴ്സ്പവർ ശക്തിയുള്ള രണ്ട് എൻജിെൻറ പിൻബലത്തിൽ മണിക്കൂറിൽ പതിനാല് നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കും എന്നായിരുന്നു വാഗ്ദാനം.
എന്നാൽ നിനേരത്തേ ഒരുക്കങ്ങൾ പൂർത്തിയാക്കിയാൽ മാത്രമെ ആംബുലന്‍സ് സ്റ്റാര്‍ട്ടാകൂ എന്നതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെടുമ്പോള്‍ ആംബുലൻസിന് ഓടിയെത്താന്‍ സാധിക്കുന്നില്ല. സർവ സന്നാഹങ്ങളോടെ മറൈൻ ആംബുലൻസ് ഉണ്ടായിട്ടും മറ്റു മത്സ്യബന്ധന ബോട്ടുകളാണ് അപകടസമയത്ത് മത്സ്യത്തൊഴിലാളികളുടെ രക്ഷക്കെത്തുന്നത്. കടല്‍ക്ഷോഭ സമയത്ത് ഓടിക്കാന്‍ സാധിക്കാത്ത രീതിയിലാണ് ബോട്ടിെൻറ ഡിസൈന്‍ എന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ഒരു മണിക്കൂര്‍ ഓടിയാല്‍ ഡീസല്‍ 50 ലിറ്ററിന് മുകളില്‍ ആകുമെന്നതിനാല്‍ ചെലവും കൂടുതലാണ്. ബോട്ടിന് തകരാര്‍ സംഭവിച്ചാലും സ്പെയര്‍ പാര്‍ട്സ് നാട്ടില്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
മൂന്നിടത്തും ഒരേ സ്ഥിതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, ബി.പി.സി.എൽ, കൊച്ചിൻ ഷിപ് യാർഡിെൻറ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവയടക്കം 18.24 കോടി രൂപയുപയോഗിച്ച് കൊച്ചിൻ ഷിപ്യാർഡാണ് ഫിഷറീസ് വകുപ്പിന് വേണ്ടി മൂന്ന് മറൈൻ ആംബുലൻസുകൾ നിർമിച്ചത്. വിഴിഞ്ഞത്തിനുള്ള 'പ്രതീക്ഷ' വൈപ്പിൻ തുറമുഖത്തിനുള്ള 'പ്രത്യാശ' ബേപ്പൂരിനുള്ള 'കാരുണ്യ' എന്നീ മൂന്ന് ആംബുലൻസുകളാണ് ഒരു വർഷം മുമ്പ് മുഖ്യമന്ത്രി നീറ്റിലിറക്കിയത്. മറ്റു രണ്ടിടത്തും അവസ്ഥ ഇതുതന്നെയാണ്. ബോട്ടുകളുടെ നടത്തിപ്പ് മൂന്നിടത്തും ഒരു ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മാസം തോറും വലിയ തുക ഈ ഇനത്തില്‍ ചെലവാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.