യാത്രദുരിതം പഠിപ്പ് മുടക്കുമോയെന്ന ആശങ്കയിൽ വൈപ്പിൻ
text_fieldsവൈപ്പിൻ: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കൂട്ടുകാരെ കാണാനുള്ള ആവേശത്തിലും സന്തോഷത്തിലും സ്കൂളിൽ പോകാൻ ഒരുങ്ങുേമ്പാഴും യാത്രക്ലേശം മൂലം പഠിപ്പുമുടങ്ങുമോയെന്നാണ് ൈവപ്പിൻ തീരമേഖലയിലെ കുട്ടികളുടെ ആശങ്ക. ഓൺലൈൻ ക്ലാസുകളിൽനിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപനവും യാത്രദുരിതവും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
പല സ്കൂളുകളും കാടുപിടിച്ച നിലയിലാണ്. ബെഞ്ചുകളും ഡെസ്ക്കുകളും നശിച്ചു. ഓടുകൾ നിരവധി മാറ്റിയിടാനുണ്ട്. കുട്ടികളുടെ എണ്ണമനുസരിച്ച് സർക്കാറിൽനിന്ന് ലഭിക്കുന്ന തുച്ഛമായ തുകകൊണ്ട് സ്കൂളിെൻറ പെയിൻറിങ് പണിപോലും പൂർത്തിയാക്കാനാവില്ല. നേരത്തെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തുന്ന അറ്റകുറ്റപ്പണികൾക്ക് പി.ടി.എ ഫണ്ടിൽനിന്ന് തുക വകയിരുത്താമായിരുന്നു. എന്നാൽ, ഇപ്പോൾ ആ സാധ്യത ഇല്ലാതായി.
പരിമിതികൾ ഏറെയുള്ളതിനാൽ കോവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന വിഷമത്തിലാണ് തീരദേശ സ്കൂളുകളിലെ അധ്യാപകർ. കുട്ടികളെ സ്കൂളിലേക്ക് വിടാൻ മടിക്കുന്ന രക്ഷിതാക്കൾക്ക് സ്കൂൾ ശുചീകരണത്തെയും വാഹനസൗകര്യത്തെയും മറ്റു സജ്ജീകരണങ്ങളെയുംകുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ചുമതലയും ഇവർക്കുണ്ട്.
കോവിഡ് പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവുംമൂലം സാമ്പത്തികമായി ദുരിതത്തിലാണ് മത്സ്യമേഖലയിലെ കുടുംബങ്ങൾ. സ്കൂൾ തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചെലവുകൾക്ക് പണം കണ്ടെത്താൻ പലർക്കുമായിട്ടില്ല. യാത്രദുരിതമാണ് തീരപ്രദേശങ്ങളിൽ നിന്നെത്തുന്ന കുട്ടികൾ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. നിശ്ചിത എണ്ണം വിദ്യാർഥികളെ മാത്രം ഇരുത്തി വാഹനം ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അധിക ചെലവിെൻറ കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. തീരമേഖലയിലെ റോഡുകൾ പലതും മണ്ണുമൂടിയ നിലയിലാണ്. എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിലെ റോഡുകളിലൂടെ സാധാരണ നിലയിൽപോലും ആളുകളെ ഇരുത്തിപ്പോകാൻ ഓട്ടോറിക്ഷകൾ തയാറാകാത്ത സ്ഥിതിയാണ്. അതിനാൽ സ്കൂൾ ബസുകളുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. അങ്ങനെയെങ്കിൽ ഏറെദൂരം നടന്ന് കുട്ടികളെ പ്രധാന റോഡിൽ കൊണ്ടുചെന്നാക്കേണ്ടി വരും. ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.