പിന്നാലെ വരുന്നവർ പിന്നിലാകാതിരിക്കാൻ 'ഹിസ ഹബ്'
text_fieldsവൈപ്പിൻ: തങ്ങളുടെ പിന്നാലെ വരുന്ന തലമുറക്ക് ശോഭനമായ ഭാവി ഉറപ്പാക്കാൻ ഒത്തുചേർന്ന് എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിെല പൂർവ വിദ്യാർഥി സംഘടന. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് 'ഹിസ ഹബ്' എന്ന പേരിൽ മിനി കമ്പ്യൂട്ടർ സംവിധാനം ഒരുക്കിയാണ് ഹിദായത്തുൽ ഇസ്ലാം സ്കൂൾ അലുംനി (ഹിസ) താങ്ങാകുന്നത്. വിദ്യാർഥികൾക്ക് പഠനത്തിന് ഉപകരിക്കുന്നതിനൊപ്പം ഡിജിറ്റൽ ലോകത്തെ അപകടക്കെണികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിസ ഹബ് ഒരുക്കിയത്. 15 ഇഞ്ച് മോണിറ്റർ, വെബ്കാം, മൈക്ക്, സിം ഇടാവുന്ന ഡോംഗ്ൾ, മൗസ്, കീബോർഡ് എന്നിവ അടങ്ങിയതാണ് ഹിസ ഹബ്. സൂം, ഗൂഗിൾ മീറ്റ്, വാട്സ്ആപ്, ചില പഠന ആപ്പുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. മറ്റ് സൈറ്റുകളിലേക്കോ അപകടകരമായ ആപ്പുകളിലേക്കോ വിദ്യാർഥികളുടെ ശ്രദ്ധ പോകുന്നത് തടയാനാകും.
ഒരു കുട്ടിക്കുള്ള സംവിധാനത്തിന് 11,000 രൂപയാണ് ചെലവ്. ഇത്തരത്തിൽ നൂറോളം കുട്ടികൾക്ക് സംവിധാനം ഒരുക്കുകയാണ് പൂർവ വിദ്യാർഥി സംഘടനയുടെ ലക്ഷ്യം. ഏറ്റവും അർഹരായ 30 കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ലഭ്യമാക്കും. കുട്ടിയുടെ പഠന ആവശ്യം കഴിയുേമ്പാൾ ഈ സംവിധാനം സ്കൂൾ ലാബിേലക്ക് മാറ്റാനും കഴിയും. പരമാവധി കുട്ടികൾക്ക് സൗകര്യം ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും വിവിധ പൂർവ വിദ്യാർഥി ബാച്ചുകൾ സഹായവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഹിസ ഭാരവാഹികൾ പറഞ്ഞു.
പദ്ധതിയുടെ തുടക്കമായി അഞ്ച് വീട്ടിലേക്കുള്ള ഹിസ ഹബ് ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുല്‍സലാം, സ്ഥിരം സമിതി അധ്യക്ഷ കൊച്ചുത്രേസ്യ ഡെന്ന, വാര്‍ഡ് അംഗം ബിസ്നി, ഹിസ പ്രസിഡൻറ് എ.യു. യൂനസ്, ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ, സ്കൂള്‍ മാനേജര്‍ ഡോ. വി.എം. അബ്ദുല്ല, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുകൂടിയായ പി.ടി.എ പ്രസിഡൻറ് കെ.എ. സാജിത്ത്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഐ. ആബിദ, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, സ്റ്റാഫ് സെക്രട്ടറി എം.എം. സഫ്വാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.