വേലിയേറ്റ വെള്ളപ്പൊക്കത്തിൽ മുങ്ങി തീരപ്രദേശം
text_fieldsവൈപ്പിൻ: വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി.
ആളുകൾ ബന്ധുവീടുകളിലും മറ്റും അഭയം തേടി. ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. എടവനക്കാട് അണിയിൽ നെടുങ്ങാട് റോഡ് ഒരാഴ്ചയായി വെള്ളക്കെട്ടിലാണ്.
കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച്റോഡ് പൂർണമായും വേലിയേറ്റ വെള്ളക്കെട്ടിൽ മുങ്ങി. റോഡിന്റെ ഉയരക്കുറവാണ് ഇവിടത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഈ ഭാഗത്ത് റോഡിൽ വെള്ളം കയറിക്കിടന്ന സമയത്ത് ബീച്ചിൽനിന്ന് തിരിച്ചുവന്ന കാർ ദിശതെറ്റി ചെമ്മീൻകെട്ടിലേക്ക് വീണിരുന്നു. ഈ ഭാഗത്ത് റോഡിന്റെയും പാർശ്വഭിത്തിയുടെയും ഉയരം വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പള്ളത്താംകുളങ്ങര കടപ്പുറത്തുനിന്ന് സംസ്ഥാനപാതയിൽ എത്തണമെങ്കിൽ മുട്ടോളം വെള്ളത്തിൽ നീന്തണം. വിദ്യാർഥികളടക്കം നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
വെള്ളപ്പൊക്കം തടയാൻ തോടുകളുടെ ഇരുവശത്തും കരിങ്കൽ ഭിത്തികെട്ടി തടയിടണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി ജനപ്രതിനിധികളെയും മറ്റും സമീപിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.