വനമിത്ര പുരസ്കാരം എടവനക്കാട് സ്വദേശി ഐ.ബി മനോജിന്
text_fieldsവൈപ്പിന്‍ : പരിസ്ഥിതി സംരക്ഷണത്തില്‍ സമാനതകളില്ലാത്ത വിധം പ്രവര്‍ത്തനങ്ങള്‍ നടത്തിയ എടവനക്കാട് സ്വദേശി ഐ.ബി മനോജ് കുമാറിന് 2021 ലെ വനമിത്ര പുരസ്കാരം. ജൈവ വൈവിധ്യ സംരക്ഷണം, വനസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് വനം വന്യജീവിവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഓരോ ജില്ലയിലെയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് ബിരുദധാരിയായ മനോജ് വീടിനോട് ചേര്‍ന്ന ഒന്നര ഏക്കറിൽ ഒരു കുട്ടിവനം തന്നെ ഒരുക്കിയിട്ടുണ്ട്. കരിയിലയും തെങ്ങോലകളും മറ്റുജൈവവസ്തുക്കളും ഇവിടെ കൂട്ടി പുതയിട്ട് വര്‍ഷങ്ങളോളം അധ്വാനിച്ചാണ് ഇദ്ദേഹം ഈ സ്വാഭാവികവനം ഉണ്ടാക്കിയെടുത്തത്. പ്രകൃതി കൃഷിയുടെ ആചാര്യനും ജാപ്പനീസുകാരനുമായ മസനോബു ഫുക്കുവോക്കയുടെ ഒറ്റവയ്ക്കോല്‍ വിപ്ലവം എന്ന പുസ്തകമാണ് മനോജിനെ പ്രകൃതി ജീവനത്തിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്.
എവിടെ നിന്ന് വിത്തുകിട്ടിയാലും അവയെല്ലാം ശേഖരിക്കും. തുടര്‍ന്ന് ഇവയെല്ലാം മുളപ്പിച്ചെടുത്ത് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നല്‍കും. പ്രതിവര്‍ഷം പതിനായിരത്തോടടുത്ത് തൈകള്‍ അദ്ദേഹം തയാറാക്കുന്നുണ്ടെന്നാണ് കണക്ക്. കടല്‍ത്തീരങ്ങളില്‍ തീരസംരക്ഷണത്തിനായി പുന്നത്തൈകള് നട്ടുപിടിപ്പിക്കുന്നതിലും ജാഗ്രത പുലര്‍ത്തുന്നുണ്ട് ഈ അമ്പത്തൊന്നുകാരന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.